അമ്മയോട് യാത്ര പറഞ്ഞ് മകന്‍ ബസ് ഓടിച്ച് പോയത് മരണത്തിലേക്ക്

കാഞ്ഞങ്ങാട്: അമ്മയോട് യാത്ര പറഞ്ഞ് മകന്‍ ബസ് ഓടിച്ച് പോയത് മരണത്തിലേക്ക്. സങ്കടം താങ്ങാനാവാതെ
ഒരമ്മയുടെ നെഞ്ചു പൊട്ടിയുള്ള കരച്ചില്‍ കണ്ടു നിന്ന നൂറ് കണക്കിന് ആളുകളുടെ കണ്ണില്‍ ഈറനണഞ്ഞു .

കഴിഞ്ഞ ദിവസം ചാലിങ്കാല്‍ ദേശീയപാതയില്‍ മെഹ്ബൂബ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ ശശിധരന്‍ – കുസുമ ദമ്പതികളുടെ മകന്‍ ചേതന്‍ കുമാര്‍ (37) മരിച്ചത്. കഴിഞ്ഞ ഏഴ് മാസമായി മംഗ്ളൂര്‍ – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മെഹ്ബൂബ് ബസിലെ ഡ്രൈവറാണ് ചേതന്‍ കുമാര്‍. മാസത്തില്‍ അവധിയെടുത്താണ് മധൂരിലെ വീട്ടിലേക്ക് പോകാറുള്ളത്. തിങ്കളാഴ്ച അമ്മയെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ട പ്രകാരം അമ്മ കുസുമം മംഗ്ളൂരില്‍ നിന്ന് ബസ് കാസര്‍കോട് എത്തുന്ന സമയം നോക്കി പുതിയബസ് സ്റ്റാന്റില്‍ എത്തിയിരുന്നു. അമ്മക്ക് ചെലവിലേക്ക് പണം, സമീപത്തെ കടയില്‍ നിന്ന് ചായ വാങ്ങി കൊടുത്ത് യാത്ര പറഞ്ഞാണ് മകന്‍ ബസ് ഓടിച്ച് പോയത്.

അപകടത്തില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് പ്രാഥമിക വിവരം. ജില്ലാശുപത്രിയില്‍ അമ്പലത്തറ പോലീസ് എസ് ഐ. കെ. ലതീഷ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കാഞ്ഞങ്ങാടും കാസര്‍കോട് ബസ് സ്റ്റാന്റ് പരിസരത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ഇവിടെയല്ലാം ചേതന്‍ കുമാറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലി തന്നെ ഉണ്ടായിരുന്നു. ജാതി മത രാഷ്ട്രീയത്തിന് അപ്പുറത്ത് വലിയ സുഹൃത്ത് ബന്ധത്തിന്റെ ഉടമയാണ് ചേതന്‍ . തങ്ങളുടെ ഡ്രൈവറെ അവസാനമായി ഒന്ന് കാണാന്‍ ബസ് യാത്രക്കാരായ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും മറ്റും അയല്‍ ജില്ലകളില്‍ നിന്നും പോലും എത്തിയിരുന്നു.13 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുന്ന ചേതന്‍ കുമാര്‍ മീന്‍ വാഹനത്തിലും മറ്റു സ്വകാര്യ ബസിലും ദീര്‍ഘകാലം സുസ്മിത ബസിലും ജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ ചെറിയ അപകടങ്ങള്‍ പോലും ഉണ്ടായിട്ടില്ലയെന്ന് സുഹൃത്ത് ബന്ധങ്ങള്‍ പറയുന്നത്. ഉച്ചകഴിഞ്ഞ് വീട്ടില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം പാറക്കട്ടയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ബിഎംഎസ് നേതാക്കളായ അഡ്വ.പി.മുരളീധരന്‍, പി വി ബാലകൃഷ്ണന്‍ ,കെ .വി ബാബു ,ശ്രീനിവാസന്‍ ,പി.ദിനേശ് ബംബ്രാണ ,ഹരീഷ് കുതിരപ്പാടി ,കൃഷ്ണന്‍ കോളോത്ത് ,അനൂപ് കോളിച്ചാല്‍ ഗുരുദാസ് മധൂര്‍ ,പി ബി സത്യനാഥ് , മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ,ബി ജെ പി നേതാക്കളായ എ.വേലായുധന്‍ ,എം ബല്‍രാജ് ,പി.രമേശ് ,സതീഷ് ചന്ദ്ര ഭണ്ഡാരി, എം പ്രശാന്ത് ,എന്‍ അശോക് കുമാര്‍ ,എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി, ബസ് ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഭാരവാഹികള്‍ ,വിവിധ യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരും
അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

 

Spread the love
error: Content is protected !!