കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കമായി. മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവന്നതോടുകൂടിയാണ് അഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്ന പൂരോത്സവത്തിന് തുടക്കമായത്. പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളിയും മറ്റ് ചടങ്ങുകളും മാര്‍ച്ച് 23 പൂര നാളില്‍ നടക്കും. ക്ഷേത്രത്തില്‍ പുതുതായി അന്തിത്തിരിയന്‍, വായിക്കരയച്ഛന്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള ആചാരം കൊള്ളല്‍ ചടങ്ങ് മാര്‍ച്ച് 21ന് നടക്കും. അന്തിത്തിരിയനായി കൊളവയലിലെ ആക്കോടന്‍ ബാലകൃഷ്ണനും ആയിറ്റി ഭഗവതിയുടെ അച്ഛനായി( വായിക്കര യച്ഛന്‍ ) നീലേശ്വരം തീര്‍ത്ഥങ്കരയിലെ വായിക്കര വിജയനും മൂന്നാം പൂരനാളില്‍ വൈകിട്ട് 6 മണിക്ക് ശേഷമുള്ള മുഹൂര്‍ത്തത്തില്‍ ആചാര സ്ഥാനം ഏറ്റെടുക്കല്‍ ചടങ്ങ് നടക്കും.
വെള്ളിക്കോത്ത് വാരിക്കാട്ട് ഇല്ലത്ത് വച്ച് വാരിക്കാട്ട് തന്ത്രി അവര്‍കളുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ആചാരസ്ഥാനം ഏറ്റെടുക്കുന്ന ഇരുവരും വാരിക്കാട്ട് എത്തിയ ശേഷം കലശം കുളിച്ച് വാരിക്കാട്ട് തന്ത്രികള്‍ ആചാരസ്ഥാനം വിളിച്ച് ചൊല്ലിയതിനു ശേഷം മടിയന്‍ കൂലോം ക്ഷേത്രപാലകേശ്വരനെ കണ്ട് വണങ്ങി തിരിച്ച് മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിലെത്തി മറ്റ് ചടങ്ങുകള്‍നടക്കും.