
അരിമണികള്‍ വിതച്ച് വിളകൊയ്തെടുത്ത ഗ്രാമമാണ് അരയി. നാട്ടുചരിത്രത്തില്‍ അരിമണികള്‍ വിതച്ച ഗ്രാമമെന്ന നിലയിലാണ് അരയി എന്ന പേര്‍ വന്നത്. കാര്‍ത്തികക്കാവും, എരത്ത്മുണ്ട്യയും, ഗുരുവനവും, അരയികുന്നും ഈ നാടിന് സ്വന്തം. സ്ഥലനാമങ്ങളുടെ ചരിത്രം ചികയുമ്പോള്‍ ഒരു പക്ഷെ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ അക്ഷയഖനിയായിത്തീര്‍ന്നേക്കാവുന്ന ഒരു പാട് നാട്ടുപേരുകള്‍ ഈ ഗ്രാമത്തിനുണ്ട്. കാഞ്ഞങ്ങാട് നഗരസഭയില്‍ പെട്ടതാണ് അരയി ഗ്രാമം. പച്ചപ്പിന്റെ മനോഹാരിത എന്തെന്നറിയാന്‍ അരയിലേക്ക് വരാം. വീണ്ടും തിരികെയെത്താന്‍ എന്നും ആഗ്രഹിച്ചേക്കും, ഒരു മാത്ര ഈ ഗ്രാമത്തിലെത്തുന്ന ആരും. ഈ മനോഹര ഭൂമിയാണ് ഗ്രാമീണ ടൂറിസത്തിന്റെ അനന്തസാധ്യതകളുമായി ലോകത്തെ കാത്തിരിക്കുന്നത്. ഉത്പ്പന്ന നിര്‍മ്മാണവും വിപണനവും സുഖലോലുപതയും മാത്രമായി ടൂറിസത്തെക്കണ്ടുവന്നിരുന്ന കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ഗ്രാമീണ പശ്ചാത്തലത്തിലുള്ള റിസോര്‍ട്ടുകളുടെ സാധ്യത തെളിയുന്നു. എക്കാലത്തുമുള്ള ജലസമൃദ്ധിയാണ് പ്രധാനഘടകം. ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി തൊഴില്‍ദാന പദ്ധതികള്‍ക്കും ഈ മേഖലയില്‍ സാധ്യതയുണ്ട്. സമൃദ്ധമായ കൈതക്കാടുകളും, കശുമാവിന്‍ തോപ്പുകളും, കവുങ്ങിന്‍ തോട്ടങ്ങളും ഇവിടെയുണ്ട്.. വളരെയധികം പാഴായിപ്പോകുന്ന ഒന്നാണ് ഇവിടുത്തെ കശുമാങ്ങകള്‍. ഇവയുമായി ബന്ധപ്പെട്ടുള്ള കശുമാങ്ങ, കശുവണ്ടി, സംസ്‌ക്കരണം, കശുമാങ്ങ ജാം, സ്‌ക്വാഷുകള്‍, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ നിര്‍മ്മാണവും വിതരണവും നടത്താം. കവുങ്ങിന്‍ പാള, കൈതോല എന്നിവ കൊണ്ട് കരകൗശല വസ്ത്തുക്കള്‍, കവുങ്ങിന്‍ പാളകൊണ്ടുള്ള കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണവും, സംസ്‌ക്കരണവും ഗ്രാമീണ ടൂറിസത്തിന്റെ ഭാഗമായുള്ള തൊഴില്‍ദാന പദ്ധതികളില്‍പെടുത്തി നടപ്പാക്കാവുന്നതാണ്.് അതോടൊപ്പം തന്നെ കുടുംബശ്രീ സംരംഭങ്ങള്‍, പുരുഷസംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ എന്നിവയിലൂടെ സാധ്യമാക്കാവുന്നതാണ് പലരാജ്യങ്ങളുടെയും വരുമാനമാര്‍ഗത്തില്‍ മുഖ്യമായ ഭാഗം ടൂറിസം മേഖലയില്‍ നിന്നുമാണ് എന്നത് ടൂറിസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ബേക്കല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അരയി പോലുള്ള നിരവധി ഗ്രാമപ്രദേശങ്ങള്‍ ഹെറിട്ടേജ് ടൂറിസത്തിനും വിപുലമായ സാധ്യതകള്‍ ഉണ്ടാക്കും. ഇക്കോഫ്രണ്ട്ലി ആയിട്ടുള്ള നിര്‍മ്മാണ രീതിയാണ് അടുത്തകാലത്തായി ടൂറിസം വികസനത്തിനായി സ്വകാര്യ കമ്പനികള്‍ കൈക്കൊണ്ടുവരുന്നത്. കാഞ്ഞങ്ങാടിന്റെ ടൂറിസം ഭൂപടത്തില്‍ തന്നെ വലിയൊരു സ്ഥാനം അരയി പ്രദേശത്തിന് ലഭിക്കുമെന്നതില്‍ സംശയമില്ല. പ്രകൃതി ഭംഗിയും, സാംസ്‌ക്കാരിക തനിമയും, ഫോക്ക് പാരമ്പര്യവും ഒത്തിണക്കിയുള്ള ഒരു ടൂറിസം പദ്ധതിയായിരിക്കണം നടപ്പില്‍ വരുത്തേണ്ടത്. ഈ ഗ്രാമത്തിന്റെ ഭൂപ്രകൃതി ആര്‍ട്ട് വില്ലേജിന് യോജിക്കുന്ന രീതിയിലാണ് ഉള്ളത്. ജില്ലയിലെ കലാകാരന്‍മ്മാര്‍ക്കും ശില്‍പ്പികള്‍ക്കും കരകൗശലവിദഗ്ദര്‍ക്കും താമസിച്ച് കലാസൃഷ്ടികള്‍ നടത്താനുള്ള സൗകര്യങ്ങളും ഒരുക്കാന്‍ കഴിയും. തദ്ദേശിയരായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് മനോഹരമായ കൊച്ചു പുല്‍വീടുകളും ഗ്രാമീണമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാകുന്ന നാടന്‍ ഹോട്ടലുകളും സ്ഥാപിക്കുന്നതിലൂടെ സാധിക്കും. അടുത്ത പ്രദേശമായ ഗുരുവനവും ഏറെ ആകര്‍ഷണീയമാണ്. പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഗുരുവനം ആശ്രമം സ്ഥിതിചെയ്യുന്നത്. ആരോഗ്യകരമായ ചുറ്റുപാടിലുള്ള ഒരു ധ്യാനകേന്ദ്രം കൂടിയാണ് ഗുരുവനം ആശ്രമം. ഇവിടുത്തെ ഒരിക്കലും ഉറവ വറ്റാത്ത പാപനാശിനി ഗംഗയും ഏറെ ഔഷധ ഗുണമുള്ളതാണ്. വളരെ ഏകാഗ്രമായ ഒരു പരിസരമായതിനാല്‍ ബാഹ്യമായ ശല്ല്യങ്ങളില്ലാതെ എത്രനേരം വേണമെങ്കിലും ഇവിടെ കഴിച്ചുകൂട്ടാവുന്നതാണ്. അരയി കുന്നിന്‍ പ്രദേശത്തും സുഖകരമായ താമസത്തിനുള്ള കോട്ടേജുകള്‍ പണിയാന്‍ സൗകര്യമുണ്ട്. നിത്യാനന്ദാശ്രമത്തിന്റെ ഭാഗമായുള്ള ഗുരുവനം ഹെറിട്ടേജ് ടൂറിസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് വികസിപ്പിച്ചെടുക്കേണ്ടതാണ്. ജില്ലിയിലെ തന്നെ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് നിത്യാനന്ദാശ്രമം. ആസൂത്രണത്തിന്റെ അഭാവത്തില്‍ ഗ്രാമീണ അന്തരീക്ഷത്തിലുള്ള അരയി പോലുള്ള നിരവധി ഗ്രാമങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. കണ്‍മുന്നില്‍ തന്നെയുള്ള പ്രകൃതി വിഭവങ്ങളുടെയും സമ്പത്തിന്റെയും ശാസ്ത്രീയമായ രീതിയിലുള്ള വിനിയോഗത്തിലൂടെ ആരോഗ്യ സമൃദ്ധവും സമ്പദ്സമൃദ്ധവുമായ ഗ്രാമീണ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിയും.