പള്ളിക്കര: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ 8-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘാടക സമിതി സംഘടിപ്പിച്ച 5 ദിവസത്തെ പ്രസംഗ പരിശീലന കളരി സമാപിച്ചു. ഏറെ വ്യത്യസ്ഥമാക്കി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
മാര്‍ച്ച് 12ന് ആരംഭിച്ച കളരിയില്‍ 6 സ്ത്രീകളടക്കം 15 പേരാണ് പങ്കെടുത്തത്. അവസാന ദിവസം തച്ചങ്ങാട് ടൗണിലാണ് പ്രസംഗ പരിശീലന പരിപാടി നടന്നത്. 15 പേരെ രണ്ട് ഗ്രൂപ്പായി തിരിച്ച് രണ്ട് ഗ്രൂപ്പുകള്‍ക്കും ഓരോ വിഷയം കൊടുത്ത് സ്വാഗതം, അധ്യക്ഷന്‍, ഉദ്ഘാടകന്‍, മുഖ്യ പ്രാസംഗികന്‍, ആശംസാ പ്രസംഗികര്‍, നന്ദി എന്നിങ്ങനെ സമയം ചിട്ടപ്പെടുത്തിയാണ് നടത്തിയത്. ഈ പ്രസംഗ കളരി കൗതുകത്തോടെയാണ് നാട്ടുകാര്‍ വീക്ഷിച്ചത്. പങ്കെടുത്തവരില്‍ എല്ലാവര്‍ക്കും ആത്മവിശ്വാസം ലഭിച്ചതായി സമാപന പരിപാടിയില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. ജേസിഐ ദേശീയ പരിശീലകന്‍ ജെയ്‌സണ്‍ തോമസാണ് ക്ലാസ് നിയന്ത്രിച്ചത്.
സമാപന പരിപാടി കെ.പി.സി.സി മെമ്പര്‍ ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലന്‍, യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, മുസ്ലീം ലീഗ് പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് പളളിപ്പുഴ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവീന്ദ്രന്‍ കരിച്ചേരി, ചന്ദ്രന്‍ തച്ചങ്ങാട്, മഹേഷ് തച്ചങ്ങാട്, കണ്ണന്‍ കരുവാക്കോട്, ധനഞ്ചയന്‍, ബി.ടി.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിശീലകന്‍ ജെയ്‌സണ്‍ തോമസിന് പ്രസംഗ കളരിയില്‍ പങ്കെടുത്തവര്‍ഉപഹാരംനല്‍കി.