കൊവ്വല്‍പ്പള്ളിയില്‍ രണ്ട് ഏക്കര്‍ വയല്‍ മണ്ണിട്ട് നികത്തി: ഡി.വൈ. എഫ്.ഐ കൊടികുത്തി പ്രതിഷേധിച്ചു; എന്‍.സി.പി (എസ്) ജില്ലാ നേതാക്കളും സ്ഥലത്തെത്തി നടപടി ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയില്‍ സ്വകാര്യ ആശുപത്രിക്ക് വടക്ക് ഭാഗത്ത് നടപ്പാതയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന വയല്‍ മണ്ണിട്ട് നികത്തിയതിനെതിരെ നാട്ടുകാരുടെ പ്രക്ഷോഭം.റെഡ് ബേബിസ് വായനശാലയുടെയും ഡി.വൈ.എഫ്.ഐ മാതോത്ത് യൂണിറ്റിലെയും പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി സ്ഥലത്ത് കൊടി കുത്തി പ്രതിഷേധിച്ചു.

മഴക്കാലത്ത് വെള്ളം കയറുന്ന നിരവധി വീടുകള്‍ വയലിന് അപ്പുറമുണ്ട്. അടുക്കളയില്‍ വരെ വെള്ളം കയറുകയും ചട്ടിയും പാത്രങ്ങളും ഒലിച്ചു പോകാറുണ്ട്. മണ്ണിട്ട് നികത്തിയതോടെ ഇവിടെ ഒരു വീട്ടുകാര്‍ക്കും താമസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. റോഡ് സൈഡില്‍ കെട്ടിയ കാര്‍ വില്‍പ്പന പന്തലിന്റെ മറവിലാണ് അതീവ രഹസ്യമായി സ്ഥലത്ത് മണ്ണിട്ട് നികത്തിയത്. നാല് ഷട്ടര്‍ മുറിയുടെ നീളത്തില്‍ കെട്ടിയ പന്തല്‍ നാല് മാസത്തോളം പൊളിച്ചു മാറ്റാതെ റോഡരികിലുണ്ടായിരുന്നു. സ്ഥലത്ത് മണ്ണിടാനുള്ള മറവിനാണ് പന്തല്‍ പൊളിക്കാതെ വെച്ചതെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മുമ്പ് ഒരു വണ്ടി മണ്ണിട്ടത് കണ്ടപ്പോള്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നും ഇവര്‍ പറയുന്നു. വിവരം അറിഞ്ഞു രാത്രി തന്നെ സ്ഥലത്ത് എത്തിയ എന്‍.സി.പി (എസ് ) ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ സബ് കളക്ടര്‍ അഹമ്മദ് സൂഫിയാനെ ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നത്തിന്റെ ഗൗരവം ശ്രദ്ധയില്‍പ്പെടുത്തി.

കര്‍ശന നടപടി എടുക്കാമെന്നും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. എന്‍.സി.പി (എസ് ) ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദേവദാസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് രാഹുല്‍ നീലാങ്കര എന്നിവരും ഒപ്പമുണ്ടായിരുന്നു. നാട്ടുകാരുടെ ഒപ്പുശേഖരണം നടത്തി ജില്ലാ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും നിവേദനം നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പറഞ്ഞു.

Spread the love
error: Content is protected !!