മനംകുളിര്‍പ്പിച്ച് മീനത്തിലെ പൂരോത്സവക്കാലം

പ്രഭാകരന്‍ കാഞ്ഞങ്ങാട്
പൂരത്തിന്റെ വരവറിയിച്ച് പൂരപ്പൂക്കള്‍ വിരിഞ്ഞു. കൊടുംവേനലിലും എങ്ങും പൂരപ്പൂക്കളില്‍ പ്രധാന്യമേറിയ നരയന്‍ പൂക്കളുടെ ദൃശ്യസമൃദ്ധി. വടക്കന്‍ കേരളത്തിന്റെ വസന്തോത്സവമെന്നറിയപ്പെടുന്ന പൂരക്കാലമാണ് വന്നിരിക്കുന്നത്. പൂരക്കാലത്ത് കാമദേവന്  പൂജാ പുഷ്പമൊരുക്കാന്‍ കന്യകമാര്‍ മത്സരിച്ച് പൂരപ്പൂക്കള്‍ ശേഖരിക്കാനോടുന്ന കാഴ്ച ഇനി വടക്കേ മലബാറിന്റെ ഗ്രാമങ്ങളില്‍ നിറഞ്ഞു. എരിക്കിന്‍പൂ, മുരിക്കിന്‍പൂ, അതിരാണിപൂ, വയറപ്പൂവ്,ചെമ്പകപ്പൂവ്,പാലപ്പൂവ്,ആലോത്തിന്‍പൂ, എന്നിവയാണ്  പൂരപ്പൂക്കള്‍. പൂരപ്പുലര്‍ച്ചകളില്‍ പൂവ് തേടി കുന്നുകളിലും കാടുകളിലും കയറിയിറങ്ങുന്ന കുട്ടികള്‍ ഗ്രാമങ്ങളുടെ ആഹ്ലാദക്കാഴ്ചയാകുന്നു. പൂരക്കാലത്തിന്റെ സവിശേഷതയാര്‍ന്ന കലാരൂപമായ പൂരക്കളിക്കും അരങ്ങുണര്‍ന്നു. ശക്തിയും സൗന്ദര്യവും സമ്മേളിക്കുന്ന നാടന്‍ കലാരൂപമായ പൂരക്കളിയുടെ പരിശീലനക്കളിയാണ് കാവുകളില്‍ നടക്കുന്നത്.
ഉണ്ണികള്‍ക്കും പൂവുകള്‍ക്കും ഉത്സസവമായി പൂരോത്സവം മാറുന്നതോടൊപ്പം അക്ഷരമറിയാത്ത ഗ്രാമീണ ജനതയെ ജീവിതാഹ്ലാദത്തിലേക്കുണര്‍ത്തുകയും വിജ്ഞാനഭണ്ഡാരങ്ങള്‍ പാട്ടിലൂടെ,താളത്തിലൂടെ,നൃത്തത്തിലൂടെ പകര്‍ന്നു നല്‍കുന്ന പൂരക്കളിയും പൂരവും ഒരു നാട്ടിലെ ജനതയുടെ തന്നെ ഉത്സവമായി  മാറുകയാണ്. വേദാന്തം,വ്യാകരണം,നാട്യം, പുരാണം,കാവ്യം,നാടകം,ശില്പകല,അലങ്കാരം,മീംമാംസ,തുടങ്ങി ഗ്രാമീണ ജനതയ്ക്ക് അന്യമായ നിരവധി വിജ്ഞാനശാഖകളാണ് പൂരക്കളിയിലെ മറത്തുകളിയിലൂടെ ഗ്രാമീണര്‍ക്കിടയിലേക്ക് പകര്‍ന്ന് നല്‍കുന്നത്.പൂരക്കളിക്കായി കച്ചയും ചോപ്പും മുറുക്കി അരങ്ങിലെത്തുന്നവരില്‍ പണ്ഢിത-പാമര,ധനിക-ദരിദ്ര വ്യത്യാസമില്ലെന്നും ഈ കലാരൂപത്തിന്റെ മാത്രം പ്രത്യേകതയാണ്.കന്യകമാരുടെ ഉത്സവം കൂടിയാണ് പൂരം. മീനമാസത്തിലെ കാര്‍ത്തികനാള്‍ തൊട്ട് പൂരം വരെയുള്ള നാളുകളില്‍ 18 കന്യകമാര്‍ 18 വര്‍ണത്തില്‍ പാടിക്കളിച്ചതാണ് പൂരക്കളിയെന്നാണ് പണ്ഢിതര്‍ പറയുന്നത്.18 നാരിമാരുടെ ഓര്‍മ്മയില്‍ 18 നിറങ്ങള്‍ പൂരക്കളിയില്‍ പാടുന്നുണ്ട്. ദേവന്‍മാരെ കളരി സമ്പ്രദായത്തില്‍ നമസ്‌ക്കരിക്കുന്നതും കളിയുടെ പൂര്‍ണതയില്‍ ഇഷ്ടദേവതാ സ്തുതി നടത്തുകയും ചെയ്യുന്നു.ഓരോ കളിയും ഓരോ നിറമായി അറിയപ്പെടുന്നു. ഗണപതിപ്പാട്ട്,രാമായണം,ഇരട്ട,കാമന്‍പാട്ട്, പട,അങ്കം, എന്നിവ ഉള്‍പ്പെട്ട വന്‍കളികള്‍ പ്രാധാനമാണ്.കന്യകമാര്‍ പൂരപ്പൂക്കളുപയോഗച്ച് കാമരൂപമുണ്ടാക്കുകയും പുരം കുളിയായ അവസാനദിവസം അടുത്തകൊല്ലവും നേരത്തെ കാലത്തെ വരണേ കാമാ എന്ന് പറഞ്ഞ് കാമദേവനെ യാത്രയാക്കുകയും ചെയ്യുന്നു. പൂരക്കാത്തിന്റെ ആഹ്ലാദവും ആര്‍പ്പുവിളികളും നാട്ടിന്‍ പുറങ്ങളെ കീഴടക്കുകയാണ്.കാമദേവനെ തരുണികളെല്ലാം ആദരിച്ചുവന്നിരുന്നു. ഒരിക്കല്‍ പരമശിവന്റെ മനസ്സിളക്കാന്‍ പൂവമ്പ് തൊടുത്ത കാമദേവനെ പരമശിവന്‍ ദഹിപ്പിച്ചു കളയുകയും, പിന്നീട് കന്യകമാരുടേയും കാമദേവന്റെ പത്നിയായ രതിയുടേയും മറ്റും നിരന്തര പ്രാര്‍ത്ഥനയാല്‍ മനസ്സലിഞ്ഞ ശിവന്‍ രതിയെ ശംബരന്റെ കോട്ടയില്‍ ചെന്ന് താമസിച്ച് മലരമ്പനെ സേവിച്ച് പൂജ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പാര്വ്വതിയും രതിയും മറ്റുദേവകന്യകളും ചേര്‍ന്ന് കാമദേവനെ സങ്കല്പ രൂപമുണ്ടാക്കി അതിനെ പൂജിക്കുകയും കാമദേവന്‍ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തു.
വസന്തപൂജകൂടിയാണ്  ഉത്തരകേരളത്തില്‍റെ പൂരവും പുരക്കാലവും. പൂരമാല ആരംഭിക്കുന്നതിനു മുന്ന് ചൊല്ലാറുള്ള വസന്തപൂജാ വിധിശാസ്ത്രത്തില്‍ പൂരവേലയുടെ ഉത്പത്തി പുരാവൃത്തമടങ്ങിയിരിക്കുന്നു. അതില്‍ പൂരവ്രതവും കാമപൂജയും ദേവലോകത്ത് ആരംഭിച്ചത് വസന്തകാലത്താണെന്നും പൂരം നാളിലാണ് പൂക്കള്‍ കൊണ്ട് മദനരൂപം കുറിക്കേണ്ടതെന്നും ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരമായിരിക്കണം അതെന്നും പാട്ടില്‍ പ്രസ്താവിക്കുന്നു.കളരി സംസ്‌കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്‌കാരത്തില്‍ നിന്നാവണം ഉള്‍ക്കൊണ്ടതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവര്‍ക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങള്‍ ആടുവാനാകൂ. കളരിയില്‍ നിന്ന് ലഭിക്കുന്ന മെയ്വഴക്കം പൂരക്കളിയില്‍ അനിഷേധ്യമായ വസ്തുതയാണ്. കളരിയില്‍ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ് പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാല്‍ കെട്ടും. വന്‍കളിയും മറ്റും അവതരിപ്പിക്കണമെങ്കില്‍ ശരിയായ മെയ്വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കല്‍ നിന്നും കളിക്കര്‍ മെയ്വഴക്കത്തിനുള്ള പരിശീലനം നേടണം. വന്‍കളികള്‍ക്ക് മുമ്പായി സ്ഥാനത്തു നിന്ന് എണ്ണ കൊടുക്കല്‍ ചടങ്ങുണ്ട്. ഇത് ശരീരത്തില്‍ തേച്ച് പിടിപ്പിക്കണം. ഇത് കളരി അഭ്യാസിയുടെ മെഴുക്കിടലിനു സമാനമായ കര്‍മ്മമാണ്.കോലന്മാരുടെ ( മണിയാണിമാര്‍, യാദവര്‍) ഓടങ്കര, മാടങ്കര, കുമ്മാണര്‍, കരിന്തളം, പൂങ്കാവ്, എടക്കാവ്, എന്നീ പ്രമുഖ കളരി സമ്പ്രദായങ്ങളില്‍ പൂരക്കളിക്കും പ്രാധാന്യമുണ്ട്. പുറപ്പന്തലില്‍ ദൈവത്തറയുണ്ടാക്കി പൂരക്കളിക്കാര്‍ പൂജ ചെയ്യുന്നത് കളരിയിലെ ദൈവത്തറയുടെ സ്വാധീനത്തിലാണ്. പുറപ്പന്തല്‍ ഒരു താല്‍കാലിക കളരിയുടെ ഫലമാണുണ്ടാക്കുന്നത്.വാണിയ സമുദായക്കാരുടെ മുച്ചിലോട്ട് കാവുകളില്‍ പൂരോത്സവം പതിവുണ്ടെങ്കിലും അവര്‍ പൂരക്കളിയില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍ പൂരക്കാലത്ത് മൂന്ന് ദിവസം മുച്ചിലോട്ട്കാവില്‍ മണിയാണിമാരെക്കൊണ്ട് പൂരക്കളി നടത്തിക്കാറുണ്ട്.
വിവിധ സംസ്‌കാരങ്ങളുടെ സത്തകള്‍ പൂരക്കളിയില്‍ ലയിച്ചിട്ടുണ്ട്. സംഘകാലത്തെ മതങ്ങളുടെ പാരമ്പര്യം ഇതിലുണ്ട്. ശൈവ-വൈഷ്ണവ മതങ്ങളുടെ സ്വാധിനമാണ്‍ ഇന്ന് കൂടുതലും നിഴലിക്കുന്നത്. സ്തുതികളും പൂരമാലയും മറ്റും ശ്രീകൃഷ്ണനെ സംബന്ധിച്ച പാട്ടുകള്‍ക്ക് പ്രാധ്യാന്യം നല്‍കുന്നു എങ്കിലും പില്‍ക്കാല വികാസ പരിണാമങ്ങളിലൂടെ ശൈവകഥകള്‍ പൂരക്കളിയിലേക്കാകര്‍ഷിക്കപ്പെട്ടു. ഇക്കാരണത്താല്‍ പൂരക്കളിയെ ശങ്കരനാരായണീയം എന്ന് വിശേഷിപ്പിക്കറുണ്ട്
Spread the love
error: Content is protected !!