സ്ത്രീകളെ ഏറ്റവുമധികം ആദരിച്ചതും,സര്‍വ്വ അവകാശങ്ങളും വകവെച്ചു കൊടുത്തതും ഇസ്ലാം : പി.പി.നസീമ ടീച്ചര്‍

കൊളവയല്‍ : ‘ഇല്‍മിലൂടെ ജന്നത്തിലേക്ക്’ എന്ന ക്യാമ്പയിനുമായി കൊളവയല്‍ മഹല്‍ സ്ത്രീ കൂട്ടായ്മയും നിസ്വ വിമന്‍സ് അക്കാദമിയും സ്ത്രീകള്‍ക്ക് മാത്രമായി റമദാനില്‍ സംഘടിപ്പിക്കുന്ന ക്വിസ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ പി.പി നസീമ ടീച്ചര്‍ നിര്‍വഹിച്ചു. സ്ത്രീകളെ എറ്റവുമധികം ആദരിച്ചതും അവരുടെ സര്‍വ്വ അവകാശങ്ങളും വകവെച്ചു കൊടുത്തതും, അവരെ സംരക്ഷിക്കാനുള്ള നിരവധി നിയമങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതും ഇസ്ലാമിലാണ്. സ്ത്രീകളുടെ വിഷയത്തില്‍ ആധുനിക ലോകം ചര്‍ച്ച ചെയ്യുന്ന പലതും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഇസ്ലാമിക പ്രമാണങ്ങളില്‍ സ്ഥാനം പിടിച്ചവയാണെന്നും, സ്ത്രീകള്‍ക്ക് ഒരു മതവും ഒരു പ്രത്യയശാസ്ത്രവും വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും ഇസ്ലാം നല്‍കുന്നതുപോലെ ഊന്നല്‍ നല്‍കുന്നില്ലന്നും നസീമ ടീച്ചര്‍ പറഞ്ഞു, അറിവ് നേടുക എന്നത് പോലെ പരമ പ്രധാനമാണ് അതിന്റെ പ്രചാരകരാകുക എന്നത്.സാധാരണ വീട്ടമ്മമാരെ ചേര്‍ത്ത് വെച്ച് ജീവ കാരുണ്യ വിദ്യാഭ്യാസ മേഖലകളില്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന കൊളവയല്‍ മഹല്‍ സ്ത്രീ കൂട്ടായ്മ ഇതര മഹല്ലുകള്‍ക്ക് മാതൃകയാണെന്നും,റമളാനില്‍ അടുക്കളയില്‍ വിഭവങ്ങളുണ്ടാക്കുന്നതിലുപരി പരലോകത്തേക്കുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ സമയം കണ്ടെത്തണമെന്നും ഉദ്ഘാടന പ്രഭാഷണം നിര്‍വഹിച്ച് കൊണ്ട് നസീമ ടീച്ചര്‍ തുടര്‍ന്നു . ക്വിസ് കോര്‍ഡിനേറ്ററും മഹല്‍ സ്ത്രീ കൂട്ടായ്മയുടെ അഡ്മിനും നിസ് വ കോളേജ് പ്രിന്‍സിപ്പലുമായ ആയിഷ ഫര്‍സാന ആമുഖ പ്രസംഗം നടത്തി. ആത്മീയ പ്രതിഫലനത്തിന്റെയും സ്വയം മെച്ചപ്പെടുത്തലിന്റെയും ഭക്തിയുടെയും മാസമായ റമദാനിന്റെ പവിത്രത ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കണമെന്നും സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീകള്‍ അവരുടെ പങ്ക് നിര്‍വഹിക്കണമെന്നും ആയിഷ ഫര്‍സാന പറഞ്ഞു. റമദാനിലെ എല്ലാ ദിവസവും വരുന്ന ചോദ്യങ്ങള്‍ക്ക് ശരിയുത്തരം അയക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കൊളവയല്‍ മഹല്ലിലെയും പരിസര മഹല്ലുകളായ മുട്ടുന്തല, കൊത്തിക്കാല്‍,പാലായി, ബല്ലാകടപ്പുറം, ഇക്ബാല്‍ നഗര്‍, തെക്കേപ്പുറം, അതിഞ്ഞാല്‍, മാണിക്കോത്ത് മഹല്ലിലെ സ്ത്രീകള്‍ക്കാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനുള്ളഅവസരമുള്ളത്.

Spread the love
error: Content is protected !!