ആവിഷ്‌ക്കാര ഗരിമയുടെ കടല്‍ കടക്കുന്ന നിറങ്ങള്‍ 

പ്രഭാകരന്‍ കാഞ്ഞങ്ങാട്
ഏത് കലയെയും മനസ്സിലാക്കാനുള്ള എളുപ്പവഴി അതിന്റെ ജൈവപരവും സമഗ്രവുമായ പ്രത്യേകതകള്‍ അറിഞ്ഞിരിക്കുക എന്നതാണ്. സംസ്‌കാരങ്ങളുടെ വേര്‍തിരിവുകളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന അടയാളങ്ങള്‍ എന്ന നിലയില്‍ കലയുടെ രചനാ രീതിയെ രൂപപ്പെടുത്തുന്നതില്‍ ഓരോ കാലഘട്ടവും അതിന്റേതായ പങ്കു വഹിക്കുന്നുണ്ട്. നൂതനങ്ങളായ സങ്കേതങ്ങളും ശൈലികളും പിറവിയെടുക്കുന്നതിന്  സംസ്‌കാര സവിശേഷതകളാണ് കാരണമായി തീരുന്നത്. ഒരു ദേശത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഉന്നത മൂല്യങ്ങളാല്‍ മികച്ചു നില്‍ക്കുന്നതുമായിരുന്നു ഭൂമി മലയാളത്തിലെ ചുമര്‍ ചിത്രങ്ങള്‍.
സൂക്ഷ്മബോധം, ലാളിത്യം എന്നിവയില്‍ സ്ഫുടം ചെയ്‌തെടുത്ത രചനാ രീതികളിലൂടെ ശ്രദ്ധേയമാണ് അശോകന്‍ ചെറുവത്തൂരിന്റെ ‘മത്സ്യഗന്ധി’ പരമ്പരയിലെ മ്യൂറല്‍  ചിത്രശേഖരം. എല്ലാ നിറങ്ങളും വലിയൊരു നദിയില്‍ കൂടി ചേരുന്നത് പോലെ, എല്ലാ നിറങ്ങളും  ഈ സത്യവതിയുടെ കഥാഖ്യാന നിറങ്ങളിലേക്ക് കൂടി ചേരുന്നു. നിറങ്ങള്‍ പുതിയൊരു ചരിത്രം രചിക്കുന്നു. പിന്നെ പുഴ നദിയാകുന്നു. നദി കായലാകുന്നു. കായല്‍ കടലാകുന്നു. ഇങ്ങനെ അശോകന്റെ ചിത്രാഖ്യാനത്തിലെ നിറങ്ങള്‍ ആവിഷ്‌ക്കാര ഗരിമയുടെ കടല്‍ കടക്കുന്നു.
വരകളുടെ കൃത്യത, വര്‍ണ്ണ സങ്കലനം, അലങ്കാരങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം, വികാരാവിഷ്‌കാരങ്ങളിലെ ശ്രദ്ധ, എല്ലാം അശോകന്റെ രചനാരീതിയുടെ പ്രത്യേകതകളാണ്. മത്സ്യഗന്ധിയായ കാളി എന്ന സത്യവതിയില്‍ നിന്ന് കസ്തൂരിഗന്ധിയായ സത്യവതിയിലേക്കുള്ള ആവിഷ്‌കാര രചനാ രീതി തന്നെ നിറങ്ങളുടെ സമ്പന്നത കൊണ്ടും രചനാ സങ്കേതങ്ങള്‍ മൂലവും ആദ്യ നോട്ടത്തില്‍ തന്നെ തിരിച്ചറിയാനാവും.  പഞ്ചവര്‍ണ്ണങ്ങളുടെ സമജ്ജസമായ കൂട്ടിച്ചേര്‍ക്കലുകള്‍, നിറങ്ങളുടെ സംഗമ സഞ്ചാരങ്ങള്‍ ഈ ചിത്ര പരമ്പരയുടെ വികാര തീവ്രമായ സംഗമ സഞ്ചാരങ്ങള്‍ സാധ്യമാക്കി തീര്‍ക്കുന്നു. സത്യവതിയുടെ പൗരാണിക കഥാഖ്യാനത്തിന്റെ ആവിഷ്‌കാരത്തില്‍ പ്രകൃതിയും പൂക്കളും പുഴയും മത്സ്യങ്ങളും ഓരോ മാസ്മരിക രേഖകളിലൂടെ സാധ്യമാക്കി തീര്‍ക്കുന്നുണ്ട് അശോകന്‍.
കാലത്തിന്റെ മഞ്ഞ് മറയ്ക്കപ്പുറത്ത് നിന്ന് പുതിയ കാലത്തേക്ക് ആദിമ നിറങ്ങള്‍ കുടിയേറി പാര്‍ക്കുന്നു.  ആസ്വാദകരുടെ പ്രണയഭരിതമായ, തരളിത ഹൃദയങ്ങളിലേക്ക്. ആദ്യ പ്രണയം പൂത്തു നില്‍ക്കുന്ന കാലം, പൂക്കളും കിളികളും, പുഴയും മത്സ്യങ്ങളും ഒരു പ്രണയ സമാഗമത്തിന്റെ സാക്ഷികളാവുന്നുണ്ട് ഈ ചിത്ര പരമ്പരയില്‍. ആദി പ്രണയം പൂത്തു നിന്ന കാലം ഗതിവിഗതികള്‍ മാറ്റി തീര്‍ക്കുമ്പോള്‍ പുഴ മറ്റൊരു വര്‍ണ്ണനദിയായി പുനരാവിഷ്‌കരിക്കപ്പെടുന്നു. എല്ലാ നിറങ്ങളും കൂടി ചേരുന്ന നദിയില്‍ നിറങ്ങളും രേഖകളും, നിറച്ചാര്‍ത്തുകളും പ്രണയോന്മാദത്തിന്റെയും, സംഗമോത്സവത്തിന്റെയും സുവര്‍ണ്ണ ഗീതികള്‍ വരച്ചു ചേര്‍ക്കുന്നു. നദിയും  പ്രകൃതിയും പൂക്കളും, തുമ്പികളും, നിറങ്ങളിലൂടെ ഉയര്‍ന്നു വന്ന് പ്രണയ വസന്തം തീര്‍ക്കുന്നു. നിറങ്ങളും പ്രണയവും, കഥയും കൂടിച്ചേരുന്ന വസന്തകാലം ഈ ക്യാന്‍വാസുകളില്‍പൂത്തുലയുന്നു.
Spread the love
error: Content is protected !!