പെരിയ: ഉയര്‍ന്നുവരുന്ന ലോകക്രമത്തില്‍ ഓരോ രാജ്യവും സ്വന്തം ശക്തിയിലൂടെ തങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍ പറഞ്ഞു. സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ കാഴ്ചക്കാരായി മാറി. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും തടയുന്നതില്‍ പരാജയപ്പെട്ടു. സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഐക്യരാഷ്ട്ര സഭ പരിഷ്‌കരിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യണം. കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ദേശസുരക്ഷയും ഇന്തോ-പസഫിക് മേഖലയില്‍ ഉയര്‍ന്നുവരുന്ന സുരക്ഷാ സാഹചര്യങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചി (ഐസിഎസ്എസ്ആര്‍)ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സാമ്പത്തിക വികസനത്തിലൂടെയും പ്രതിരോധ സേനയെ ശക്തിപ്പെടുത്തുന്നതിലൂടെയും ഇന്ത്യയ്ക്ക് ദേശീയ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മനിര്‍ഭര്‍ ഭാരതും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ഈ ദിശയിലുള്ളതാണ്. സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രൊഫ. കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. ആര്‍. സുരേഷ് സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റെയിന്‍ഹാര്‍ട്ട് ഫിലിപ്പ് നന്ദിയും പറഞ്ഞു. പ്രൊഫ. ശങ്കരി സുന്ദരരാമന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ എ.വി. ചന്ദ്രശേഖരന്‍, കൊമഡോര്‍ ആര്‍.എസ്. വാസന്‍, കേണല്‍ വൈ. വിജയകുമാര്‍, പ്രൊഫ. മോഹനന്‍ ബി പിള്ള, ഡോ. ഉമ പുരുഷോത്തമന്‍, ഡോ. രാംനാഥ് രഘുനന്ദന്‍, ബ്രിഗേഡിയര്‍ ജീവന്‍ രാജ് പുരോഹിത എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യംചെയ്തു.