കാഞ്ഞങ്ങാട്: ജില്ലാ ഭരണാധികാരിയായ കലക്ടറുടേയും അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ ഇവിടെ ഉണ്ടാവുമ്പോള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യാജ ജനസേവന കേന്ദ്രങ്ങളെ മുലയൂട്ടി വളര്‍ത്തുന്നതില്‍ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപന ഭരണാധികാരികളും ഉദ്യോഗസ്ഥരും പിന്മാറണമെന്ന് അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം അക്ഷയ സെന്റര്‍ എന്റര്പ്ര നേര്സ് (എഫ് എ സി ഇ ) കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഉടന്‍ നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്ദ്ദേശമുണ്ടായിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ . എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം ജനസേവന കേന്ദ്രങ്ങള്‍ക്ക് വ്യാപകമായി ലൈസന്‍സ് നല്‍കികൊണ്ട് അവര്‍ക്ക് കെ – സ്മാര്‍ട്ട് ട്രൈനിങ് അടക്കം നല്കി പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് യോഗം ചൂണ്ടികാട്ടി. യോഗം ഫേസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുദില്‍ മുണ്ടാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഡി.എ റഹ്മാന്റെ അധ്യക്ഷനായി . ജില്ലാ ഭാരവാഹികളായ സാമ്പു കെ.എസ്, സുധില്‍കുമാര്‍ പാലക്കുന്ന്, സിദ്ധിഖ് ദന്ധഗോളി , വനീത് കുമാര്‍, മജീദ് പച്ചമ്പള, ഫൈസല്‍ എ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കെ റാം സ്വാഗതവും ട്രഷറര്‍ മഞ്ജുഷ നന്ദിയുംപറഞ്ഞു.