കാസര്‍കോട് : എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍, രാഷ്ട്രീയ കലാമഞ്ചിന്റെ ആഭിമുഖ്യത്തില്‍ ‘പ്രതിരോധം കലയിലൂടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി ക്കൊണ്ട് ഇടതുപക്ഷ കലാലയ ഭീകരതയ്ക്കെതിരെ ചിത്ര രചന പ്രതിരോധ സദസ് സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡില്‍ വച്ച് നടന്ന പരിപാടിയില്‍ കേരളത്തിലെ കലാലയങ്ങളില്‍ സിദ്ധാര്‍ഥിന്റെ കൊലപാതകത്തില്‍ എത്തി നില്ക്കുന്ന, പതിറ്റാണ്ടുകളായി തുടരുന്ന ഇടതുപക്ഷ കലാലയ ഭീകരതയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു പ്രതിഷേധത്തിന്റെ ഭാഗമായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി ഉദ്ഘാടനം ചെയ്തു. ‘മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ സമാന നിലവാരത്തിലാണ് എസ് എഫ് ഐ ഇന്ന് കാലലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഏകധിപത്യ സംഘടന പ്രവര്‍ത്തനത്തിനും പിന്തുണ കൊടുക്കുന്ന എസ് എഫ് ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സംഘടനകളെ ദേശീയ വിദ്യാര്‍ത്ഥി ആശയത്തിലൂടെ വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ആര്യലക്ഷ്മി ,സംസ്ഥാന നിര്‍വാഹക സമിതി അംഗം ധീരജ് അണങ്കൂര്‍, സംസ്ഥാന മീഡിയ ജോയിന്റ് കണ്‍വീനര്‍ വിശ്വജിത് ഭരതന് എന്നിവര്‍ സംസാരിച്ചു.സംസ്ഥാന സമിതി അംഗം സ്നേഹ ഉദയഗിരി സ്വാഗതവും സംസ്ഥാന സമിതി അംഗം വിഷ്ണു മരക്കാപ്പ് നന്ദിയും പറഞ്ഞു.