പെരിയ: പട്ടാപ്പകല്‍ കൃഷിയിടത്തില്‍ കാട്ടുപന്നിയാക്രമണത്തില്‍ കാഴ്ചപരിമിതിയുള്ള കര്‍ഷകന് ഗുരുതരപരിക്ക്. പെരിയ താന്നിയടിയിലെ ഏറ്റുമാനൂക്കാരന്‍ ഇ.എം.ബാബു (56) വിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കവുങ്ങിന്‍ തോട്ടം നനയ്ക്കാന്‍ മോട്ടര്‍ ഓണ്‍ ചെയ്യുന്നതിനായി വന്നതായിരുന്നു ബാബു. ഈ സമയത്തെ സമീപത്തെ തോട്ടില്‍ നിന്നും വെള്ളം കുടിച്ചശേഷം പാഞ്ഞുപോവുകയായിരുന്ന കാട്ടുപന്നിയാണ് ബാബുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ ബാബുവിന്റെ വലതു തുടയ്ക്ക് ആഴത്തില്‍ മുറിവുകളേറ്റു. ധാരാളം രക്തം വാര്‍ന്നുപോയി. ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ മകന്‍ ആല്‍വിന്‍ കല്ലെടുത്തെറിഞ്ഞ് പന്നിയെ ഓടിക്കുകായിരുന്നു. തൊട്ടുപിന്നാലെ ബന്ധുവായ ജെംസസ് മാത്യുവും ഓടിയെത്തി ബാബുവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഏറെ നാളുകളായി താന്നിയടി, തടിയംവളപ്പ് പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യംരൂക്ഷമാണ്.