പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം തുളുര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ഇന്ന് തുടക്കമാകും

പാണത്തൂര്‍: മഞ്ഞടുക്കം കോവിലകം തുളുര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ഇന്ന് തുടക്കമാകും. നോക്കണീശന്‍മാര്‍ക്കും, ആചാരക്കാര്‍ക്കും മറ്റംഗങ്ങള്‍ക്കും വെറ്റിലടക്ക നല്കിയ ശേഷം പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും ദീപവും തിരിയും കോവിലകത്തേക്ക് എഴുന്നള്ളിക്കും. എട്ട് ദിവസം നീളുന്ന കളിയാട്ടത്തിന് ശിവരാത്രി നാളില്‍ അര്‍ധരാത്രി ക്ഷേത്രത്തിലെ തെക്കേന്‍ വാതില്‍ തുറക്കുന്നതോടെയാണ് തുടക്കമാവുക. ഒന്നാം കളിയാട്ട ദിനമായ ഇന്ന് സന്ധ്യയ്ക്ക് അടര്‍ഭൂതം, തുടര്‍ന്ന് ക്ഷേത്ര കാവില്‍ നാഗരാജാവും നാഗകന്യകയും അരങ്ങിലെത്തും. മാര്‍ച്ച് 10ന് പുലര്‍ച്ചെ ദേവരാജാവും ദേവകന്യകയും. സന്ധ്യയ്ക്ക് വേടനും കരിവേടനും. 11-ന് രാത്രി ഇരുദൈവങ്ങളും പുറാട്ടും, മഞ്ഞാലമ്മ ദേവിയും നാട്ടുകാരുടെ കലശവും. തുടര്‍ന്ന് ഒളിമകളും കിളിമകളും, മാഞ്ചേരി മുത്തപ്പനും. 12-ന് ഉച്ചയ്ക്ക് ഒന്നിന് പൂക്കാര്‍ സംഘത്തെ പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ എതിരേല്‍ക്കല്‍. വൈകുന്നേരം ആറിന് മുന്നയരീശ്വരന്റെ വെള്ളാട്ടം. രാത്രി കരിന്ത്രായര്‍, പുലിമാരന്‍, വേട്ടക്കൊരുമകന്‍ തെയ്യങ്ങളുടെ വെള്ളാട്ടം. 13-ന് രാവിലെ മുന്നായരീശ്വരന്റെ തിറ, തുടര്‍ന്ന് കരിന്ത്രായര്‍, പുലിമാരന്‍, വേട്ടയ്ക്കൊരു മകന്‍ തിറകള്‍. വൈകുന്നേരം മുന്നായരീശ്വരന്റെ വെള്ളാട്ടം, കാളപ്പുലയന്‍, പുലിക്കണ്ടന്‍, വേട്ടയ്ക്കൊരുമകന്‍ വെള്ളാട്ടങ്ങള്‍, പൈറ്റടിപ്പൂവന്‍ തെയ്യം. 14-ന് രാവിലെ മുന്നായരീശ്വരന്റെ തിറ, തുടര്‍ന്ന് കാളപ്പുലയന്‍, പുലിക്കണ്ടന്‍, വേട്ടയ്ക്കൊരുമകന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകുന്നേരം മുന്നായരീശ്വരന്റെ വെള്ളാട്ടം. രാത്രി മലങ്കാരി, പുല്ലൂര്‍ണന്‍ വെള്ളാട്ടങ്ങള്‍, പുല്ലൂരാളി ദേവി, ബാളോളന്‍ തെയ്യങ്ങളുടെ തോറ്റങ്ങള്‍, വേട്ടച്ചേകവനും പുറാട്ടും, മുത്തേടത്ത്-എളേടത്ത് കലശം, ബ്രാഹ്ണന്റെ പുറപ്പാട്. പുലര്‍ച്ചെ ബാളോളന്‍ തെയ്യം. 15-ന് രാവിലെ 9.30-ന് മുന്നായരീശ്വരന്റെ പുറപ്പാട്, വൈകുന്നേരം നാലിന് മുന്നായരീശ്വരന്റെ മുടിയെടുക്കല്‍. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. കളിയാട്ട സമാപന ദിനമായ 16-ന് തുളുര്‍വനത്ത് ഭഗവതി, ക്ഷേത്രപാലകന്‍, ആചാരക്കാരുടെ കലശം. 17-ന് കലശാട്ട് എന്നിവ നടക്കുമെന്ന് ‘ മാനേജിംങ് ട്രസ്റ്റി കാട്ടൂര്‍ തമ്പാന്‍ നായര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

 

Spread the love
error: Content is protected !!