കാഞ്ഞങ്ങാട് : അങ്ങേയറ്റം സാമൂഹിക പ്രതിബദ്ധതയോടെ നീണ്ടകാലം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച നിസാം റാവുത്തറിന്റെ നിസ്വാര്‍ത്ഥമായ സംഭാവനകള്‍ എന്‍ഡോസള്‍ഫാന്‍ സമരപന്തലില്‍ ഹൃദയവേദനയോടെ വിശദീകരിക്കപെട്ടു.ഒന്നര പതിറ്റാണ്ടുകാലം ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുമ്പോഴും നിസ്വരായ ദുരിത ബാധിതരുടെ കൂടെ ഇറങ്ങി നടന്നു പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആശുപത്രികളിലേക്ക് ദുരിതബാധിതരെ എത്തിക്കാനും സമരപ്രവര്‍ത്തകരുമായും മാധ്യമങ്ങളുമായും ബന്ധപ്പെട്ട് നിരന്തരം പ്രവര്‍ത്തിക്കാനും നിസാം ജാഗ്രത കാണിച്ചു. സാഹിത്യ രചനകളിലും സിനിമാ മേഖലയിലും വലിയ സംഭാവനകള്‍ നല്‍കിയ സാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയായിരുന്നു അദ്ദേഹം.
അടുത്ത ദിവസം റിലീസാകുന്ന ‘ ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം ‘ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി അത് കാണാന്‍ നില്‍ക്കാതെ നിസാം വിടപറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് വലിയ നഷ്ടമാണുണ്ടായതെന്ന് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വച്ച് നടന്ന അനുസ്മരണയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായം പറഞ്ഞു.
ഡോ : അംബികാസുതന്‍ മാങ്ങാട് അധ്യക്ഷം വഹിച്ചു, കെ.മണികണ്ഠന്‍, ഇ വി ജയകൃഷ്ണന്‍, കെ എസ് ഹരി, മുനീസ അമ്പലത്തറ, ഗോകുലനാന്ദന്‍ മോനാച്ച, ഫറീന കോട്ടപ്പുറം, സി.വി. നളിനി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും, രതീഷ് അമ്പലത്തറ നന്ദിയുംപറഞ്ഞു.