ബേക്കല്‍ ടൂറിസത്തിന് ഒരു പൊന്‍ത്തൂവല്‍ കൂടി: ബേക്കല്‍ ടൂറിസം വില്ലേജ് യാഥാര്‍ത്ഥ്യമാവുന്നു

ബേക്കല്‍: ടൂറിസം വില്ലേജ് യാഥാര്‍ത്ഥ്യമാവുന്നു. ബേക്കല്‍ ടൂറിസം വില്ലേജ് പ്രൊജക്റ്റിന്റെ ലൈസന്‍സ് എഗ്രിമെന്റ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മോറെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് മൗലാക്കിരിയത്ത് കൈമാറി.

ടൂറിസം ഇന്‍വെസ്റ്റേര്‍സ് മീറ്റിലെ ആദ്യ പ്രൊജക്ടാണ് ബേക്കലില്‍ നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപയാണ് ബേക്കല്‍ ടൂറിസം വില്ലേജ് പ്രൊജക്ടിന്റെ ഭാഗമായി മോറെക്‌സ് ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ കൊളവയല്‍ പൊയ്യക്കരയിലും കൊത്തിക്കാലിലുമായി ബി ആര്‍ ഡി സി യുടെ കൈവശമുള്ള 33.18 ഏക്കര്‍ സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വില്ലേജ് സ്ഥാപിക്കുന്നത്. 30 വര്‍ഷത്തേക്കാണ് സ്ഥലം മോറെക്‌സ് ഗ്രൂപ്പിന് ലീസിന് നല്‍കിയത്.

വിദേശ-സ്വദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയിലേക്കുള്ള അതി വിപുലമായ സംവിധാനമാണ് ബേക്കല്‍ ടൂറിസം വില്ലേജിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നത്. ജില്ലയിലെ ടൂറിസം കണക്ടിവിറ്റി സെന്ററായി ടൂറിസം വില്ലേജ് മാറും. പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികള്‍ മാത്രമാണ് ഉണ്ടാവുക. റിവര്‍സൈഡ് പാര്‍ക്ക് , ഹട്ട് , ബോട്ടിംഗ് , ലൈവ് ഫിഷ് ക്യാച്ചിംഗ് സെന്റര്‍, നാടന്‍ ഭക്ഷണ ശാലകള്‍, കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ പ്രത്യേക സോണ്‍, വെഡിംഗ് സോണ്‍, ആംഫി തിയേറ്റര്‍, സ്വിമ്മിംഗ് പൂള്‍, റിസോര്‍ട്ട് , കയാക്കിംഗ്, റോപ്പ് വേ തുടങ്ങിയവ ടൂറിസം വില്ലേജിന്റെ ഭാഗമായി ഉണ്ടാവും. തദ്ദേശീയരായ നിരവധി ആളുകള്‍ക്ക് തൊഴില്‍ സാധ്യത കൂടി ഇതിന്റെ ഭാഗമായി പരിഗണിക്കപ്പെടും.

Spread the love
error: Content is protected !!