കാഞ്ഞങ്ങാട് : ദേശീയ ബധിരത നിയന്ത്രണ പരിപാടി, (NPPCD) ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ), ദേശീയരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയാരോഗ്യ ദൗത്യം കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ ജീജ എം.പി യുടെ അധ്യക്ഷതയിൽ ഡെപ്യുട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കെ നിർവഹിച്ചു. എൻ പി പി സി ഡി നോഡൽ ഓഫീസർ ഡോ. നിത്യാന്ദ ബാബു സി കെ ദിനാചരണ സന്ദേശം നൽകി. ജില്ലാശുപത്രി ഇ.എൻ.ടി സെപെഷ്യലിസ്റ്റ് ഡോ. കുഞ്ഞബ്ദുള്ള ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡീയാ ഓഫീസർ പ്രശാന്ത് എൻ.പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡെപ്യൂട്ടി ജില്ലാ. എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ് സ്വാഗതവും ജില്ലാശുപത്രി ഓഡിയോളജിസ്റ്റ് രാഹുൽ എൻ നന്ദിയും പറഞ്ഞു.
കേൾവി കുറവ് എങ്ങനെ തടയാം എന്നതിനെകുറിച്ചും , ശ്രവണ പരിചരണ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
കേൾവി കുറവ് വരാതിരിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
1. ചെവികൾ വൃത്തിയായി സൂക്ഷിക്കുക. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക.
2. തീപ്പെട്ടി, പെൻസിൽ, ഹെയർപിന്നുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ചെവിയിൽ ഇടരുത്. കാരണം അവ ചെവിയ്ക്കുള്ളിലെ കനാലിൽ പരിക്കേൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
3. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്. ചെവിയിൽ നീർവീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ കാണുക.
4. ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകൾ വരുത്തുകയും ചെയ്യും.
2050 ആകുമ്പോഴേക്കും കേൾവിക്കുറവ് വലിയ പ്രശ്നമാകാൻ ഇടയുള്ളതിനാൽ അതിനെ മറികടക്കാൻ “ചെവിയുടെയും കേൾവിയുടെയും സംരക്ഷണം എല്ലാവർക്കും ഉറപ്പാക്കുക ” എന്ന ആശയമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നത്.
കേൾവി പരിചരണവുമായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിലെ സേവനങ്ങൾ ജില്ലാ-ജനറൽ താലൂക്ക് ആശുപതികൾ , കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവ വഴി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരോഗ്യപ്രവർത്തകർ മുഖേനയുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ഉർജ്ജിതപ്പെടുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ രാംദാസ് എ . വി അറിയിച്ചു .