മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കും.

1. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. വനം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എന്നിവര്‍ അംഗങ്ങളും, ചീഫ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. ഈ സമിതി സംസ്ഥാന തലത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

2. ചീഫ് സെക്രട്ടറി അധ്യക്ഷനായി ആഭ്യന്തരവകുപ്പ് സെക്രട്ടറി, റവന്യൂ വകുപ്പ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, വനം വകുപ്പ് മേധാവി, പി.സി.സി.എഫ് & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായി സംസ്ഥാനതലത്തില്‍ നിയന്ത്രണ സമിതി രൂപീകരിക്കും. സംസ്ഥാനതലത്തില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നത് ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.

3. ജില്ലാ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കളക്ടര്‍, എസ്.പി, ഡി.എഫ്.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍, പട്ടികജാതി- പട്ടികവര്‍ഗ്ഗ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കൃഷി വകുപ്പ് ഓഫീസര്‍, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു നിയന്ത്രണ സംവിധാനം രൂപീകരിക്കും. ജില്ലയിലെ ഇതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരവും മേല്‍നോട്ടത്തിലും ആയിരിക്കും.

4. വന്യജീവി സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജാഗ്രതാ സമിതികള്‍ നിലവിലുണ്ട്. ജാഗ്രതാ സമിതികളായിരിക്കും പ്രാദേശിക തലത്തില്‍ വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള നടപടികള്‍ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. ഇവര്‍ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ കൂടി നിര്‍ദ്ദേശപ്രകാരമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളില്‍ ഈ സമിതി നടപടികള്‍ സ്വീകരിച്ച് ജില്ലാസമിതിയുടെ സാധൂകരണം തേടിയാല്‍ മതിയാകും. ജാഗ്രതാ സമിതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്, ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്‍, പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന്‍, തഹസീല്‍ദാര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റായിരിക്കും അദ്ധ്യക്ഷന്‍. സമിതിക്ക് ഈ മേഖലയിലെ അംഗീകൃത സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.

5. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി നിയമിക്കുന്നത് പ്രശ്‌നപരിഹാരത്തിന് സഹായകരമാകും.

6. പ്രകൃതിദുരന്ത സമയങ്ങളില്‍ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതലയില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ മതിയായ വാര്‍ത്താവിനിയമ സങ്കേതങ്ങള്‍ ഒരുക്കും.

7. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ സമയാസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങള്‍ സജ്ജമാക്കും.

8. മനുഷ്യ-വന്യജീവി സംഘര്‍ഷം നിലനിലനില്‍ക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ജാഗ്രതയ്ക്കായി കൂടുതല്‍ താല്‍ക്കാലിക വാച്ചര്‍മാരെ നിയോഗിക്കും.

9. വന്യജീവി സംഘര്‍ഷങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ഈ പ്രദേശങ്ങളില്‍ നിയമിക്കും. ഇതിന് സംസ്ഥാന വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി.

10. വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന എസ്റ്റേറ്റുകള്‍, തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ കുറ്റിക്കാടുകള്‍ ഇല്ലാതാക്കുന്നതിന് ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും ഈ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

11. തോട്ടം ഉടമകളോട് വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അഭ്യര്‍ത്ഥിക്കും.

12. നിലവിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ, ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും വാഹനങ്ങളും നല്‍കി ശക്തിപ്പെടുത്തും.

13. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് സാധ്യത കൂടിയ സ്ഥലങ്ങളില്‍ ഫോറസ്റ്റ് ഡിവിഷന്‍/ സ്റ്റേഷന്‍ അടിസ്ഥാനപ്പെടുത്തി ആവശ്യാനുസരണം പ്രത്യേക ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഇത് ഡി.എഫ്.ഒമാരുടെ ഉത്തരവാദിത്വമായിരിക്കും.

14. വന്യജീവി സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ തോതില്‍ വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കും. എവിടങ്ങളിലൊക്കെ ഇതിന് താല്‍ക്കാലിക സംവിധാനങ്ങളൊരുക്കാമെന്ന് വനംവകുപ്പ് നിര്‍ദ്ദേശിക്കണം. പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ ഇതിനാവശ്യമായ തുക കണ്ടെത്തുന്ന കാര്യം പരിഗണിക്കും.

15. വനംവകുപ്പ് ആസ്ഥാനത്ത് നിലവിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളും സ്വീകരിച്ച നടപടികളും ആവശ്യമുള്ള നിര്‍ദ്ദേശങ്ങളും ആഴ്ചതോറും വിലയിരുത്തി സര്‍ക്കാരിലേക്ക് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കണം.

16. വന്യജീവി ആക്രമണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നല്‍കുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വനം വകുപ്പ് സെക്രട്ടറി വിലയിരുത്തണം.

17. ഇതിലേക്ക് ആവശ്യമായി വരുന്ന ചെലവുകളെ ട്രഷറി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും.

18. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കിഫ്ബി വഴി ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്കു പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖാന്തരം അനുവദിക്കാന്‍ നടപടി സ്വീകരിക്കും.

19. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമുള്ള ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശീയ-ദേശീയ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും.

20. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള-കര്‍ണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഇന്റര്‍‌സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങള്‍ ചേരും. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്തും.

പേര് മാറ്റം

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച് സംസ്ഥാന ഒബിസി പട്ടികയില്‍ 67-ാം ഇനത്തില്‍പ്പെട്ട ‘Vaduvans, Vadugans, Vadukars, Vadukas (Vadukans) എന്നീ സമുദായ നാമങ്ങള്‍ക്ക് പകരം Vaduka (Vadukan, Vaduga, Vadugan, Vaduva, Vaduvan, Vadukar, Vaduvans, Vadugans, Vadukars, Vadukas, Vadukans) എന്ന് മാറ്റം വരുത്തും.

വേതന പരിഷ്‌കരണം

സി-ഡിറ്റിലെ 77 സ്ഥിരം ജീവനക്കാര്‍ക്ക് 1.7.2019 പ്രാബല്യത്തില്‍ 11-ാം ശമ്പളപരിഷ്‌കരണ അടിസ്ഥാനത്തില്‍ വേതനം പരിഷ്‌കരിക്കും.
4.2.2021ല്‍ സ്ഥിരപ്പെടുത്തിയ 114 ജീവനക്കാര്‍ക്ക് കോടതിയില്‍ നിലവിലുള്ള ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമായി ഈ ആനുകൂല്യം നല്‍കും.

കേരളമെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നതും വേതന പരിഷ്‌കരണം ലഭിക്കാത്തതുമായ ഒമ്പത് തസ്തികകളിലെ 77 ജീവനക്കാരുടെവേതനം നിബന്ധനകളോടെ പരിഷ്‌കരിക്കും.

ധനസഹായം

നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തി കുഴഞ്ഞ് വീണ് മരണപ്പെട്ട ഇടുക്കി ദേവികുളം മണ്ഡലത്തിലെ എ. ഗണേശന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. 2023 ഡിസംബര്‍ പതിനൊന്നിന്നായിരുന്നു മരണം.

തസ്തിക

ആരോഗ്യവകുപ്പില്‍ പട്ടിക വര്‍ഗ വിഭാഗത്തിന് റിസര്‍വ്വ് ചെയ്ത ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഒരു സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും.

നിഷ ബാലകൃഷ്ണന് ജോലി

കെ.എസ്.&എസ്.എസ്.ആര്‍. റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ച് നിഷ ബാലകൃഷ്ണന് തദ്ദേശസ്വയംഭരണവകുപ്പില്‍ എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും. 2018 മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എല്‍.ഡി.ക്ലര്‍ക്ക് പി.എസ്.സി.റാങ്ക് ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്ക് നഗരകാര്യഡയറക്ടറേറ്റില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്ടപ്പെട്ടു എന്ന അപേക്ഷ പരിഗണിച്ചാണിത്. ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതലായിരിക്കും സേവനത്തില്‍ സിനിയോറിറ്റിക്ക് അര്‍ഹത.

സാധൂകരിച്ചു

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച നടപടി സാധൂകരിച്ചു.

അനുമതി നല്‍കി

സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങുന്നതിന് അനുമതി നല്‍കി. തിരുവനന്തപുരം മണക്കാട് വില്ലേജില്‍ ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള 1.83 ഏക്കര്‍ സ്ഥലവും കെട്ടിടവും ബോര്‍ഡിന്റെ ആസ്ഥാന മന്ദിരത്തിനായി തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് അനുമതി.

ഐടിഐ ഓഫീസ് നവീകരണം

മരട് ഐടിഐ ഓഫീസ് നവീകരണത്തിന് 8,24,000 രൂപ അനുവദിച്ചു. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനാണിത്.

സേവനകാലാവധി ദീര്‍ഘിപ്പിച്ചു

കേരള ലാന്റ് ഡവലപ്പ്‌മെന്റ് കേര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.എസ് രാജീവിന്റെ പുനര്‍നിയമന കാലാവധി 31.12.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

ടെണ്ടര്‍ അംഗീകരിച്ചു

പത്തനംതിട്ട അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡ് പ്രവൃത്തിയിലെ തണ്ണിത്തോട് ചിറ്റാര്‍ റോഡ്, ഉറുമ്പിനി വാലുപാറ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു. കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടര്‍ സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചാണിത്

 

Spread the love
error: Content is protected !!