പൂച്ചക്കാട് ഗഫൂര്‍ ഹാജി കര്‍മ സമിതിയുടെ നേതൃത്വത്തില്‍ വനിതകളെ പങ്കെടുപ്പിച്ച് ‘അമ്മമാരുടെ കണ്ണീര്‍ സമരം’ ബേക്കല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ മാര്‍ച്ച് 5 ന്

പള്ളിക്കര : ഏപ്രില്‍ 14 ന് പുലര്‍ച്ചെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പൂച്ചക്കാട് അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിച്ച കര്‍മ്മസമിതി പോലീസിന്റെ അന്വേഷണ വീഴ്ചയില്‍ പ്രതിഷേധിച്ച് ബേക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ മാര്‍ച്ച് 5 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. വനിതകളുടെ നേതൃത്വത്തില്‍ ‘അമ്മമാരുടെ കണ്ണുനീര്‍ സമരം’ എന്ന പേരിലാണ് മാര്‍ച്ച് നടത്തുന്നത്.

കോട്ടികുളത്തില്‍ നിന്നും പ്രകടനമായി മാര്‍ച്ച് ആരംഭിക്കും. മരണപ്പെട്ട് 10 മാസം പിന്നിട്ടിട്ടും, നിരവധി സാഹചര്യ തെളിവുകളും നല്‍കിയിട്ടും പോലീസ് ചോദ്യം ചെയ്യുന്നുവെന്നല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗഫൂര്‍ ഹാജിയുടെ ഉമ്മ കുല്‍സു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാന്‍ വക്കാലത്ത് ഒപ്പിട്ട് നല്‍കിയിരിക്കുകയാണ്.ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് അബ്ദുള്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയില്‍ നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി വ്യക്തമായതോടെ മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉദുമ കളനാട്ടെ ഒരു യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28 ന് ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയിരുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്ത് വന്നെങ്കിലും തലയ്ക്ക് പരിക്ക് പറ്റി എന്ന് പറയുന്നതെല്ലാതെ വിശദ വിവരം നല്‍കാത്ത് ദുരൂഹത വര്‍ദ്ധിക്കുകയാണ്.

അഭിചാര ക്രിയയുടെ ഭാഗമായി ആഭരണങ്ങള്‍ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തില്‍ മെറ്റല്‍ ഡിറ്റക്ടറുടെ സഹായത്തോടെ ഗഫൂര്‍ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യം തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ച് പരിശോധനയ്ക്ക് പിന്നീട് വിസമ്മതിക്കുകയയായിരുന്നു. പിന്നീട് യുവതിയുടെ ഭര്‍ത്താവായ യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് പോലീസിനെ അറിയിക്കുകയും മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ അതിന്റെ നടപടി ക്രമങ്ങള്‍ വൈകുകയും, മജിസ്‌ട്രേറ്റ് എത്തിയതിന് ശേഷം യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറെല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണുണ്ടായത്.
മാര്‍ച്ച് വിജയിപ്പിക്കുന്നതിനാവശ്യമായി ചേര്‍ന്ന വനിതകളുടെ യോഗം പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസ്‌നീം വഹാബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഹസീന മുനീര്‍ അദ്ധ്യക്ഷയായി. കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് കാര്യങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ജയശ്രീ മാധവന്‍, സെമീറ അബ്ബാസ്, കര്‍മസമിതി ഭാരവാഹികളായ പി.കെ.അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍, ബി.എം. മൂസ, ബി.കെ.ബഷീര്‍, കപ്പണ അബൂബക്കര്‍, മാഹിന്‍ പൂച്ചക്കാട്, മുഹമ്മദലി, എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!