ദേശീയതലത്തില്‍ മിന്നുന്ന വിജയവുമായി വാണികൃഷ്ണ

രാജപുരം: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നു വരെ പോണ്ടിച്ചേരിയില്‍ വച്ച് നടന്ന ഒന്നാമത് ഖേലോ ഇന്ത്യ തൈകൊണ്ടോ ലീഗ് 2023-24 വര്‍ഷത്തെ പ്രതിനിധീകരിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കേരള ടീമിന് വേണ്ടി വെള്ളിക്കോത്ത് തൈക്കോണ്ടോ അക്കാദമിയുടെ അഭിമാന താരമായ വാണികൃഷ്ണ കേരളത്തിനുവേണ്ടി വെങ്കലമെഡല്‍ കരസ്ഥമാക്കി. കോടോത്ത് ഡോ:അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ് . 2023-24 വര്‍ഷം പൊതു വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂരില്‍ വച്ച് നടത്തിയ കേരള സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ആറാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ഈ കൊച്ചു മിടുക്കി. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെ മുന്‍പന്തിയിലാണ്. ത്രോ അക്കാദമിയില്‍ ഉള്ളത് പോലെയുള്ള ആധുനിക രീതിയിലുള്ള കോച്ചിംഗ് സൗകര്യമൊരുക്കിയാല്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടാന്‍ കഴിവുള്ള കുട്ടിയാണ് വാണി കൃഷ്ണ എന്ന് കായികാധ്യാപകന്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ചക്കിട്ടടുക്കം സ്വദേശികളായ ഉണ്ണികൃഷ്ണന്‍ വേങ്ങര ചട്ടഞ്ചാല്‍ സ്‌കൂളിലെ ലീഗിജ ടീച്ചറുടെയും മകളാണ്. വെള്ളിക്കോത്ത് തൈകൊണ്ടോ അക്കാദമിയുടെ മാസ്റ്റര്‍ മധു വി .വി യാണ് വാണികൃഷ്ണയുടെ തൈകൊണ്ടോപരിശീലകന്‍.

Spread the love
error: Content is protected !!