കാഞ്ഞങ്ങാട് : മേധാവിത്വമല്ല സ്ത്രീ പുരുഷ സമത്വമാണ് വേണ്ടതെന്ന് മുന്‍ മന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. കാഞ്ഞങ്ങാട് നടക്കുന്ന സമം സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് സ്ത്രീ ശാക്തീകരണം പടി പടിയായി നടന്നു വരുന്നുണ്ട്. അതിനുകാരണം കുടുംബശ്രീയുടെ വലിയ ഇടപെടലുകളാണ്. കഴിവിനെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും നമ്മുക്ക് ബോധ്യം ഉണ്ടാകണം. എന്തൊക്കെ ഭരണഘടനാപരമായ അവകാശങ്ങളാണ് ഉള്ളതെന്നും, അവ ലഭ്യമാകുന്നുണ്ടോ എന്നും അവകാശങ്ങള്‍ നിഷേധിച്ചാല്‍ എന്ത് ചെയ്യണം എന്നും അറിഞ്ഞിരിക്കണം. സ്ത്രീ സമൂഹത്തിന് മുന്നേറാന്‍ കഴിയേണ്ടതുണ്ട്. രാജ്യത്തിന്റെ മുന്നേറ്റത്തിന് സ്ത്രീ ശാക്തീകരണവും സ്ത്രീ – പുരുഷ സമത്വവും അവകാശങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കണമെന്നും പി.കെ.ശ്രീമതി പറഞ്ഞു. ഇത്തരം സാംസ്‌കാരികോത്സവങ്ങള്‍ നടത്തുന്നതിനായി ജില്ലാപഞ്ചായത്തിന്റെ പരിശ്രമങ്ങളെ പി.കെ.ശ്രീമതി അഭിനന്ദിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ പരിപാടി വിശദീകരിച്ചു. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം എന്നിവ ലഭിച്ച നീലേശ്വരം ബ്ലോക്ക്, വലിയപറമ്പ്, ചെറുവത്തൂര്‍, ബേഡഡുക്ക, മടിക്കൈ, പനത്തടി എന്നീ പഞ്ചായത്തുകളെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത്, സണ്‍ഡേ തിയേറ്ററിലെ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന പച്ചതെയ്യം സിനിമ സ്വിച്ച് ഓണ്‍ കര്‍മ്മം സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍.മായ നിര്‍വ്വഹിച്ചു.