രക്ഷിതാക്കളെ ഒപ്പം കൂട്ടാന്‍ ഹോസ്ദുര്‍ഗ് പോലീസ്

കാഞ്ഞങ്ങാട് : മാറി വരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ചതിക്കുഴികളില്‍ ചെന്ന് ചാടാതെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും നേര്‍ വഴിയിലേക്ക് നയിക്കുവാന്‍ രക്ഷിതാക്കളുടെ പിന്തുണ തേടി ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ്. പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി അംഗണ്‍വാടികള്‍ കേന്ദ്രീരിച്ചു നടക്കുന്ന രക്ഷിതാക്കളുടെ സംവാദസദസുകള്‍ക്ക് തുടക്കമായി. കരുവളം അംഗണ്‍ വാടിയില്‍ നടന്ന സംവാദ സദസില്‍ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ കെ രഞ്ജിത്ത് കുമാര്‍ വിഷയാവതരണം നടത്തി. അധ്യാപിക പി കെ അനിത, ബീറ്റ് ഓഫീസര്‍ ടി വി പ്രമോദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും മൊബൈല്‍ ഫോണിന്റെയും ലഹരി മാഫിയയുടെയും സ്വാധീനവലയത്തില്‍ പെടുന്ന സാഹചര്യത്തിലാണ് പോലീസ് ഇത്തരം ഒരു സംവാദ സദസിന് തുടക്കം കുറിച്ചതെന്ന് ഇന്‍സ്പെക്ടര്‍ എം പി ആസാദ് പറഞ്ഞു. രാത്രി കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇരുചക്രവാഹനങ്ങളില്‍ കറങ്ങുന്നതും കേസുകളില്‍ പെടുന്നതും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളില്‍ സ്റ്റേഷന്‍ പരിധിയില്‍ ഉടനീളം ഇത്തരം സംവാദ സദസുകള്‍ സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്പോലീസ്.

Spread the love
error: Content is protected !!