തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ ആദ്യഭാര്യയെ പ്രതിചേര്‍ത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നയാസിന്റെ ആദ്യഭാര്യ റജീനയെ പ്രതിചേര്‍ത്തത്.
ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ഇവര്‍. അതേസമയം, റജീന ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ യുവതിക്ക് അക്യുപംഗ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ എറണാകുളത്തുനിന്ന് നേമം പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഷെമീറയ്ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത് ഇയാള്‍ തടഞ്ഞെന്ന ഭര്‍ത്താവ് നയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അക്യുപംഗ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബറില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വെഞ്ഞാറമൂട് സ്വദേശിയായ ഷിഹാബുദ്ദീന്‍ ബീമാപള്ളിയിലാണ് ക്ലിനിക്ക് നടത്തിയിരുന്നത്. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണം. എന്നാല്‍ റിപ്പോര്‍ട്ടില്‍ പൊലീസോ ആരോഗ്യവകുപ്പോ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ഭര്‍ത്താവ് പൂന്തുറ സ്വദേശി നയാസ് റിമാന്‍ഡിലാണ്. ഷെമീറയ്ക്ക് മറ്റ് ചികിത്സകള്‍ നല്‍കാനുള്ള ശ്രമം താന്‍ തടഞ്ഞെന്ന് നയാസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് നയാസിന്റെ ഭാര്യ ഷെമീറയും നവജാത ശിശുവും പ്രസവത്തിനിടെ മരിച്ചത്.
പൂര്‍ണ ഗര്‍ഭിണിയായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെയും നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു. ആശാ വര്‍ക്കര്‍മാര്‍ ഇടപെട്ടെങ്കിലും ഇവര്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറല്ലായിരുന്നു. ചൊവ്വാഴ്ച പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് അമ്മയും കുഞ്ഞും മരിച്ചത്.