നീലേശ്വരം: പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‌സ് കോളേജിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ കവിതകളുടെ സമാഹാരമായ കവിത പൂക്കുന്ന വഴികള്‍ കേരള രജിസ്‌ട്രേഷന്‍ – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കോളേജിലെ നെഹ്‌റുവിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇരുപത് ദിവസങ്ങളിലായി അധ്യാപകരും അനധ്യാപകരുമായ ഇരുപത്തൊന്ന് കവികള്‍ വിവിധ വിഷയങ്ങളെ അധികരിച്ച് എഴുതിയ നൂറിലധികം കവിതകളാണ് പുസ്തക രൂപത്തില്‍ തയ്യാറാക്കി പത്മശ്രീ ബുക്‌സ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കലാലയങ്ങളില്‍ ആദ്യമായിട്ടാണ് പത്തൊമ്പത് അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും കവിതകളെഴുതി കവിത പൂക്കുന്ന കലാലയമാക്കി നെഹ്‌റു കോളേജിനെ മാറ്റിയത്. പുസ്തക പ്രകാശന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ കെ.രാമനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എച്ച്.ആര്‍.ഡി.സി. ഡയറക്ടര്‍ ഡോ.എ.മോഹനന്‍ സ്വാഗതവും ടി.വി.സുധീരന്‍ മയ്യിച്ച നന്ദിയും പറഞ്ഞു. ക്യാപ്റ്റന്‍ ഡോ.നന്ദകുമാര്‍ കോറോത്ത്, ഒ. സായിനി, വി.വിജയകുമാര്‍, പി.കെ.ബാലഗോപാലന്‍, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ കെ.വി.വിനയ് എന്നിവര്‍ സംസാരിച്ചു.
പ്രകൃതി, പ്രണയം, സ്വാതന്ത്ര്യം, സമകാലികം, നൃത്തം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച കവിതകളാണ് ജീവനക്കരുടെ തൂലികയില്‍ നിന്ന് വിരിഞ്ഞത്. പ്രിന്‍സിപ്പല്‍ കെ.വി.മുരളി, ഡോ.നന്ദകുമാര്‍ കോറോത്ത്, ഡോ.എ.മോഹനന്‍, ഡോ. എന്‍.ടി. സുപ്രിയ, ഡോ.എം.കെ. റുഖയ്യ, എന്‍.സി.ബിജു, ഡോ.കെ.പി.ഷീജ, എം.കെ. സുധീഷ്, ഡോ. ധന്യ കീപ്പേരി, ഡോ.കെ. ലിജി, ഡോ.എ.എം.അജേഷ്, ഡോ എ.ഉദയ, പി. അപര്‍ണ, ഡോ. തേജസ്വി ഡി നായര്‍, കെ.വി.അനിത, ടി. ഗ്രീഷ്മ, വി.കെ. ഷിബില്‍, പി.വി.ഷൈമ, അഞ്ജാലി വി കുമാര്‍, ഓഫീസ് സൂപ്രണ്ട് പി.കെ.ബാലഗോപാലന്‍, സുധീരന്‍ മയ്യിച്ച എന്നിവരുടെ കവിതകളാണ് കവിത പൂക്കുന്ന വഴികളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡോ.എ.മോഹനന്‍ എഡിറ്റ് ചെയ്ത കവിത സമാഹാരത്തിന്റെ പ്രസാധക കുറിപ്പ് തയ്യാറാക്കിയത് പ്രശസ്ത കവി നാലപ്പാടംപത്മനാഭനാണ്.