കാസര്‍കോട് : കേരള സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷന്‍ ഫെബ്രുവരി 17 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാ സെമിനാറില്‍ ജനങ്ങളുടെ ആവശ്യങ്ങളും പരാതിയും കേള്‍ക്കാന്‍ തയ്യാറാകാത്ത കമ്മീഷന്‍ ചെയര്‍മാന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഉടനെ രാജിവെക്കണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും കാസര്‍കോട് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ നിന്നുള്ള ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ആണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെ തന്നെ സെമിനാറിന് ലഭിക്കണം എന്ന് കമ്മീഷന്‍ അംഗങ്ങള്‍ ഉള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ആവശ്യപ്പെട്ടതും തീരുമാനിച്ചതും. എന്നാല്‍ മന്ത്രി രണ്ട് മണിക്കൂര്‍ വൈകി എത്തുകയും ഉല്‍ഘാടന പ്രസംഗം നടത്തി പോവുകയും ചെയ്തു. എന്നാല്‍ അധ്യക്ഷന്‍ ആയിരുന്ന കമ്മീഷന്‍ ചെയര്‍മാന്‍ ആരെയും കേള്‍ക്കനോ മറുപടി പറയാനോ തയ്യാറാക്കാതെ നിശ്ചയിച്ച ഓപ്പണ്‍ ഫോറത്തില്‍ ആവശ്യങ്ങളും പരാതികളും പറയാന്‍ വന്നവരോട് ഇതൊന്നും അനുവദിക്കാന്‍ പറ്റില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കമ്മിഷന്റെ ചെലവില്‍ വേണ്ടെന്നും പറഞ്ഞു പരാതിക്കാരോട് കാര്‍ക്കശ്യമായ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. മന്ത്രി വരുന്ന പരിപാടിയില്‍ സ്ഥലം എം.എല്‍.എ. യെ അധ്യക്ഷ സ്ഥാനത്ത് ഇരുത്തണമെന്ന ആവശ്യവും അദ്ദേഹം അനുവദിച്ചില്ല. കമ്മീഷന്‍ അംഗങ്ങള്‍ക്ക് പോലും അദ്ദേഹത്തെ ഭയമാണ്. ജില്ലാ സെമിനാറില്‍ മന്ത്രിയെ കൂടുതല്‍ സമയം ഇരുത്താന്‍ അദ്ദേഹം ആവശ്യപ്പെടുക പോലും ചെയ്തില്ല.
സംഘാടക സമിതിയുടെ ശക്തമായ സമ്മര്‍ദ്ദം കാരണം സംസാരിക്കാന്‍ അവസരം കൊടുത്തപ്പോള്‍, പിന്നെ സംഘാടക സമിതി ചെയര്‍മാനോടായി തട്ടിക്കയറല്‍. എല്ലാ ന്യൂനപക്ഷ സമുദായ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് ക്ഷണിച്ച് ഏറ്റവും വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പരിപാടി വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച സംഘാടക സമിതി ചെയര്‍മാനോട് നിങ്ങളുടെ രാഷ്ട്രീയം ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് പരിപാടി അവസാനിപ്പിക്കുകയായിരുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ തനി രാഷ്ട്രീയക്കാരനായി വന്നത് ന്യൂനപക്ഷ കമ്മീഷന്‍ എന്ന സ്റ്റാറ്റിയുട്ടറി പദവിയുള്ള പോസ്റ്റില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഒട്ടും യോജിച്ചതല്ലെന്നും പൂര്‍ണ്ണമായി കാസര്‍കോട് ജനങ്ങള്‍ സംഘടിപ്പിച്ച ജില്ലാ സെമിനാറില്‍ കമ്മീഷന്‍ ചെയര്‍മാന്റെ ധിക്കാരം ജില്ലാ സെമിനാര്‍ പരിപാടിക്ക് തന്നെ അപമാനമായി എന്നും സര്‍ക്കാരിന്റെ രാഷ്ട്രീയ നാവായി പ്രവര്‍ത്തിക്കുന്ന ചെയര്‍മാനെ ഒഴിവാക്കി കമ്മീഷന്റെ ചെലവില്‍ ജനങ്ങളെ കേള്‍ക്കാനുള്ള ജില്ലാ സെമിനാര്‍ വീണ്ടും നടത്തണമെന്നും കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, മൂസ ബി. ചെര്‍ക്കള, നാസര്‍ ചെര്‍ക്കളം, മുഹമ്മദലി ചിത്താരി, നൗഫല്‍ ചിത്താരി, എന്നിവര്‍പങ്കെടുത്തു