കൊച്ചി: ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അപ്പീലുകളില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. വെറുതെവിടണമെന്ന പ്രതികളുടെ അപ്പീല്‍ കോടതി തള്ളി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. രണ്ടുപേരെ വെറുതെവിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
ടി.പി. വധക്കേസില്‍ 10, 12 പ്രതികളായിരുന്ന ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗം കെ.കെ. കൃഷ്ണന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിന്‍ മുന്‍ അംഗം ജ്യോതിബാബു എന്നിവരെ വെറുതേവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം പി.മോഹനനെ വെറുതെ വിട്ടത് കോടതി ശരിവെച്ചു. 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരേ നല്‍കിയ അപ്പീലും പരമാവധിശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസില്‍ വെറുതേ വിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എല്‍.എ. നല്‍കീയ അപ്പീലിലുമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്..
നേരത്തെ വിചാരണ കോടതി 12 പേരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതികള്‍ ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. പി. മോഹനന്‍ അടക്കം വെറുതെവിട്ട 24 പേരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎം കാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്.