നേത്രാവതി എക്‌സ്പ്രസിന് നീലേശ്വരത്ത് ആവേശോജ്ജ്വല സ്വീകരണം

നീലേശ്വരം: പരീക്ഷണാടിസ്ഥാനത്തില്‍ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച 16345/16346 ലോകമാന്യതിലക് – തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സിന് റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. തിരുവനന്തപുരത്തേക്കുള്ള 16345 നമ്പര്‍ എക്‌സ്പ്രസ്സിന് രാവിലെ 5.35 നും ലോകമാന്യതിലക് സ്റ്റേഷനിലേക്കുള്ള 16346 എക്‌സ്പ്രസ്സിന് രാത്രി 20.32 നുമാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തേക്കുള്ള 16345 നേത്രാവതി എക്‌സ്പ്രസ്സ് രാവിലെ നീലേശ്വരത്ത് നിര്‍ത്തിയ ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ നിരവധി പേരാണ് റെയില്‍വെ സ്റ്റേഷനില്‍ സന്നിഹിതരായത്. നീലേശ്വരം ജനകീയ കൂട്ടായ്മയുടെ സ്വീകരണത്തിന് പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം, ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാര്‍ കോറോത്ത്, സെക്രട്ടറി കെ.വി.സുനില്‍രാജ്, കെ.വി പ്രിയേഷ് കുമാര്‍, സി.കെ അബ്ദുള്‍ സലാം, എ.വി പത്മനാഭന്‍, ഗോപിനാഥന്‍ മുതിരക്കാല്‍, പത്മനാഭന്‍ മാങ്കുളം, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, ടി.സി സതീശന്‍, രാജേന്ദ്രകുമാര്‍ കോറോത്ത്, വി.എം രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

2017 മുതല്‍ 12685/12686 ചെന്നൈ- മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്, 16511/16512 ബംഗളൂരു-കണ്ണൂര്‍ – ബംഗളൂരു എക്‌സ്പ്രസ്സ്, 22609/22610 മംഗളൂരു- കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്, 16345/16346 ലോകമാന്യതിലക് – തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സ് എന്നിവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചത് നീലേശ്വരത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലുകളാണെന്നതിന്റെ തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന.

ജനപ്രതിനിധികളും ജനകീയ കൂട്ടായ്മയും വിവിധ സംഘടനകളും നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ വികസനത്തിന് നടപടികള്‍ കൈക്കൊള്ളുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരന്തരമായി പ്രക്ഷോഭ പരിപാടികള്‍ നടത്തുകയും അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. നേത്രാവതി എക്‌സ്പ്രസ്സിന് സ്റ്റോപ്പനുവദിക്കുന്നതിനു വേണ്ടി ഇടപെടല്‍ നടത്തിയ ജനപ്രതിനിധികളെയും റെയില്‍വെ ഉദ്യോഗസ്ഥരെയും ജനകീയ കൂട്ടായ്മ അഭിനന്ദിച്ചു. കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവ് മൂലം റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സ്റ്റേഷന്റെ ഇരുവശവും ലഭ്യമായ സ്ഥലസൗകര്യം ഉപയോഗിച്ച് പാര്‍ക്കിംങ്ങ് സൗകര്യം വിപുലപ്പെടുത്തണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

 

Spread the love
error: Content is protected !!