ന്യൂഡല്‍ഹി: രണ്ടാം കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകന്‍ മരിച്ചു. ഗുരുദാസ്പുര്‍ ജില്ലയില്‍ നിന്നുള്ള ഗ്യാന്‍ സിംഗ് (63) ആണ് മരിച്ചത്. കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്നാണ് മരണമെന്ന് ആരോപണം. കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്ങ്ങള്‍ ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിച്ചു.
അതേസമയം കര്‍ഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം ചര്‍ച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു.
അതേസമയം, കര്‍ഷക സമരം ഹരിയാന അതിര്‍ത്തികളില്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ റവാരിയില്‍ എത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്