പടന്നക്കാട്: നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത് കാഞ്ഞങ്ങാട് കാവ്യോത്സവം ഫെബ്രുവരി 16,17 തീയതികളിലായി നടക്കും. പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്യും.പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം മുകുന്ദനും നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മാനേജര്‍ കെ. രാമനാഥനും വിശിഷ്ടാതിഥികളായി എത്തും.മലയാള നോവലിനും ചെറുകഥയ്ക്കും ആധുനിക ഭാവുകത്വം സംഭാവന ചെയ്ത പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദനാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ മഹാകവി പി. പുരസ്‌കാരം. സാഹിത്യവേദി ‘പൊഞ്ഞാറ് ‘ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നല്‍കിവരുന്ന ഇത്തവണത്തെ
മാമ്പൂ പുരസ്‌കാരം
ദിപു ജയരാമന് എം മുകുന്ദന്‍ സമ്മാനിക്കും. ‘പഴുത്ത ചക്കേടെ മണം ‘ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ക്യാമ്പസ് കവിതാപുരസ്‌കാരവും കുട്ടിക്കവിതാ പുരസ്‌കാരവും കാവ്യോത്സവത്തില്‍ വെച്ച് നല്‍കും. കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. ദിനേശന്‍ ടി, നെഹ്‌റു കോളേജ് പിടിഎ വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മൂലക്കണ്ടം, നെഹ്‌റു കോളേജ് സൂപ്രണ്ട് പി കെ ബാലഗോപാലന്‍ , സാഹിത്യവേദി വൈസ് പ്രസിഡന്റ് വി വിജയകുമാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പൊഞ്ഞാറ് പ്രതിനിധി ഷജിന വര്‍ഗീസ്, നെഹ്‌റു കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഗോകുല്‍ രമേശ് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അറിയിക്കും.
കവിത കൂടാതെ നോവല്‍, കഥ, വൈജ്ഞാനിക സാഹിത്യം, മാധ്യമം, ചരിത്രം, ചലച്ചിത്രം, വിവിധ കലാവിഷ്‌കാരങ്ങള്‍, ഫോട്ടോ- ചിത്ര പ്രദര്‍ശനങ്ങള്‍, പുസ്തകമേള എന്നിവ ഏഴാം പതിപ്പില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്.ആര്‍ രാജഗോപാല്‍, പി എന്‍ ഗോപികൃഷ്ണന്‍, സുധീഷ് കോട്ടേമ്പ്രം,ഇ പി രാജഗോപാലന്‍, സജയ് കെ വി, സോമന്‍ കടലൂര്‍, ആര്‍ രാജശ്രീ, കല്‍പ്പറ്റ നാരായണന്‍, ഷീജ വക്കം തുടങ്ങിയവര്‍ രണ്ടു ദിവസമായി നടക്കുന്ന കാവ്യോത്സവത്തിന്റെ വിവിധ സെഷനുകളില്‍സംസാരിക്കും.