പെരിയ : പെരിയ ചാണവളപ്പ് തറവാട്ടില്‍ വയനാട്ടുകുലവന്‍ ദൈവംകെട്ടു മഹോത്സവത്തിന്
ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പെരിയയുടെ പാരമ്പര്യത്തോളം വേരോട്ടമുള്ള തറവാടാണിത്. പെരിയ തറവാടുമായും മക്കാക്കോട്ടു തറവാടുമായും പാരമ്പര്യ ആത്മബന്ധമുള്ള തറവാടെന്ന നിലയില്‍ തലയെടുപ്പുണ്ട് ചാണവളപ്പ് തറവാടിന്.
രാജാക്കന്മാരുടെ പടയോട്ടക്കാലങ്ങളിലൊന്നില് തലശ്ശേരിക്കടുത്ത കോട്ടയത്തുപെരിയയില് നിന്നും പലായനം ചെയ്യേണ്ടിവന്ന നായര്‍ സ്ത്രീയുടെ സന്തതി പരമ്പരകളാണ് പെരിയ തറവാട്ടുകാര് എന്നു ചരിത്രം. പെരിയയോടെ ചേര്‍ന്നു നില്ക്കുന്ന കണ്ണങ്കോലടുക്കത്തു താമസമാക്കിയ നായര്‍ സ്ത്രീയോടൊപ്പം കൂട്ടിനുവന്ന രണ്ടുപേരില്‍ നിന്നാണ് ചാണവളപ്പു തറവാടിന്റെയും മക്കാക്കോട്ടു തറവാടിന്റെയും ഉത്ഭവം. മഹിതമായ ഈ ആത്മബന്ധം ഇഴമുറിയാതെ കാത്തുസൂക്ഷിക്കുകയാണ് ഇന്നും ഈ തറവാട്ടുകാര്.
പെരിയ ശ്രീ പുലിഭൂത ദേവസ്ഥാനത്തിന്റെ പരിധിയില്‍, പടിഞ്ഞാറെക്കര പ്രാദേശിക കമ്മിറ്റിയില്പ്പെടുന്ന ചാണവളപ്പു തറവാടിന് ഈ ദേവസ്ഥാന വുമായുള്ള ആത്മീയബന്ധം ചെറുതല്ലാത്തതാണ്. ഐവര്‍ പരദേവതാ മൂര്‍ത്തികള്‍ കുടികൊള്ളുന്ന ഈ മഹാദേവാലയത്തിലെ പുല്ലൂരാളിയുടെ നര്ത്തകാചാരം ചാണവളപ്പു തറവാട്ടുകാര്‍ക്ക് അവകാശപ്പെട്ടതാണ്. ഈ ആചാരപരമ്പരയിലെ ഓര്മ്മവറ്റാത്ത നാമമാണ് പെരിയയുടെ ആത്മിയ ലോകത്ത് നിറഞ്ഞുനിന്നിരുന്ന ശ്രീ ചാണവളപ്പില്‍ കൂട്ടിവെളിച്ചപ്പാടന്.
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പരിധിയിലുള്ള കരിപ്പോടി മീത്തല്‍വീട് തറവാടും ഇതേ കുടുംബാംഗങ്ങളുടേതാണ്. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുല്ലൂരാളിയുടെ തിരുവായുധം എഴുന്നള്ളിക്കാന്‍ പെരിയയില്‍ നിന്നുള്ള പുല്ലൂരാളിയുടെ നര്ത്തകന് എത്തിച്ചേരുമ്പോള്‍ താമസിച്ചുവരുന്നതും ഈ തറവാട്ടിലാണ്. ആധ്യാത്മിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കേവീസ് കുഞ്ഞിക്കോരന് ഈ തറവാട്ടു കാര്‍ക്കും കാരണവരായിരുന്നു.
ഈ വര്‍ഷത്തെ വയനാട്ടുകുലവന്‍ ദൈവംകെട്ടു മഹോത്സവങ്ങളില്‍ ആദ്യത്തേതാണ് ചാണവളപ്പില്‍ നടക്കുന്നത്. 15, 16, 17, 18 തീയ്യതികളില്‍ നടത്തുന്നത് . 15 ന് രാവിലെ കലവറ നിറയ്ക്കല്‍. ഇതിനായി ഓലയും കവുങ്ങും മുളയും കൊണ്ട് നിര്‍മ്മിച്ച പ്രത്യേക കലവറ ഒരുങ്ങി. രാത്രി കാര്‍ന്നോന്‍ തെയ്യം, വിഷ്ണു മൂര്‍ത്തിയുടെ കുളിച്ചു തോറ്റം. 16 ന് പുലര്‍ച്ചെ പൊട്ടന് തെയ്യം, കുണ്ടാര്‍ ചാമുണ്ഡി പന്നിക്കുളത്ത് ചാമുണ്ഡി കുറത്തിയമ്മ. രാവിലെ 10 മണി മുതല്‍ രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, കാലിച്ചാന്‍ തെയ്യം, അത്തിക്കാരന്പള്ളം ഗുളികന്
തുടര്‍ന്ന് തറവാട്ട് ഗുളികന് വൈകിട്ട് 7 മണിക്ക് കൈവീത് തുടര്‍ന്ന് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കുടല്, തോറ്റം.17 ന് വൈകുന്നേരം ആറിന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ഒമ്പതിന് കണ്ടനാര്‍ കേളന് തെ
തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും. 11 ന് വിഷ്ണുമൂര്ത്തിയുടെ തിടങ്ങല്‍. 12 ന് വയനാട്ടു കുലവന് തെയ്യത്തിന്റെ വെള്ളാട്ടം. 18 ന് രാവിലെ 9 ന് കോരച്ചന്‍ തെയ്യം. 11 ന് അന്നദാനത്തോടൊപ്പം തൊണ്ടച്ഛന്റെ പ്രസാദ വിതരണം. 9 ന് കണ്ടനാര്‍ കേളന് തെയ്യം. 3 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചുട്ടൊപ്പിക്കലും. വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് പെരിയ, വേങ്ങയില്‍ തറവാടുകളിലേക്ക് തെയ്യങ്ങളുടെ എഴുന്നള്ളത്ത്. രാത്രി 10 ന് മറ പിളര്‍ക്കല്‍ ചടങ്ങോടെ മഹോത്സവം സമാപിക്കും.
വാര്‍ത്ത സമ്മേളനത്തില്‍
ആഘോഷ ചെയര്മാന് കേവീസ് ബാലകൃഷ്ണന് മാസ്റ്റര്‍ ,വര്‍ക്കിംഗ് ചെയര്മാന്മാരായ സി.രാജന് പെരിയ , പി വി.രവീന്ദ്രന് നായര്‍ ,വൈസ് ചെയര്മാന് ബാലകൃഷ്ണന് പെരിയ ,ജനറല്‍ കണ്‍വീനര്‍ സത്യന് മംത്തില്‍ ,ട്രഷറര്‍ സി.കമലാക്ഷന്‍ ,തറവാട് കാരണവര്‍ നാരായണന് വെളിച്ചപ്പാടന്‍ ,മാതൃസമിതി ചെയര്പേഴ്സന് ലക്ഷ്മി രവീന്ദ്രന് ,കണ്‍വീനര്‍ ധന്യ ജയചന്ദ്രന് ,പബ്ലിസിറ്റി ചെയര്മാന് ടി വി അശോകന് എന്നിവര്‍സംബന്ധിച്ചു.