നഗരകേന്ദ്രീകൃത വികസനത്തിനും സേവനകാര്യക്ഷമതയ്ക്കും ഊന്നല്‍ നല്‍കി നീലേശ്വരം നഗരസഭാ ബഡ്ജറ്റ്

നീലേശ്വരം: നഗര കേന്ദ്രീകൃത വികസനത്തിനും സേവന കാര്യക്ഷമതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് 2024- 25 ലേക്കുള്ള നീലേശ്വരം നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു.

753194102 രൂപ വരവും 732315376 രൂപ ചെലവും 20818726 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അവതരിപ്പിച്ചത്.

നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലായിക്കൊണ്ട്
ഫെബ്രുവരി 16 ന് ശിലാസ്ഥാപനം നടത്ത പ്പെടുന്ന പുതിയ ബസ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് ഈ വര്‍ഷം ഒരു കോടി രൂപ അനുവദിക്കും. 16.15 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന
ബസ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിനായി 14.53 കോടി രൂപ കെ.യു. ആര്‍.ഡി. എഫ്.സി വായ്പ മുഖേനയും ബാക്കി നഗരസഭയുടെ പദ്ധതിവിഹിതത്തില്‍ നിന്നുമാണ് കണ്ടെത്തുക.

12 കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം സേവനകാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ജനസൗഹൃദ ഭരണകേന്ദ്രമാക്കും. ഇവിടെ
ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 50 ലക്ഷം രൂപയും സ്മാര്‍ട്ട് ഓഫീസ് ആക്കി മാറ്റുന്നതിനും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനും
35 ലക്ഷം രൂപയും ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട്. കൃഷി ഓഫീസും കുടുംബശ്രീ ഓഫീസും കൂടി പുതിയ നഗരസഭാ ഓഫീസിന്റെ ഭാഗമാകുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. നിലവില്‍ നഗരസഭ ഓഫീസും കൃഷിഭവനും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് രണ്ട് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

വിവിധ വാര്‍ഡുകളിലെ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി നാല് കോടി രൂപയും പുതിയ ഡ്രെയിനേജുകളുടെ നിര്‍മ്മാണത്തിന് ഒന്നരക്കോടിയും വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനത്തിനും മെച്ചപ്പെടുത്തലിനുമായി രണ്ട് കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രധാന റോഡുകളായ തോട്ടം -അഴിത്തല, പാലായി – താങ്കൈക്കടവ് , കറുത്ത ഗേറ്റ് – തിരിക്കുന്ന്, ഓര്‍ച്ചപ്പാലം റോഡ് എന്നീ റോഡുകളുടെ നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിക്കും.

ജനകീയ ആരോഗ്യ മേഖലയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ 40 ലക്ഷം രൂപയും ആനച്ചാല്‍, ചിറപ്പുറം നഗര ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടത്തിന്റെ പ്രാരംഭ നടപടികള്‍ക്കായി 20 ലക്ഷവും നല്‍കും.
താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തില്‍ കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ഒരുക്കാന്‍ 50 ലക്ഷം രൂപ മാറ്റിവയ്ക്കും. ഇതിനുപുറമേ ആരോഗ്യരംഗത്ത് 1.6 കോടിയാണ് രൂപയാണ് വിവിധ പദ്ധതികള്‍ക്കായി ചെലവഴിക്കുക.

നഗരത്തിലെ പൊതു വിദ്യാലയങ്ങളുടെ വികസന പദ്ധതികള്‍ക്ക് 66 ലക്ഷം രൂപ നല്‍കും. നഗരസഭാ ബഡ്‌സ് സ്‌കൂളിനുവേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനും കുട്ടികളുടെ ഉപകരണങ്ങള്‍ വാങ്ങുന്നതിനും 15 ലക്ഷം രൂപയും പേരോല്‍ ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ ഓട്ടിസം സെന്റര്‍ വികസനത്തിന് 5 ലക്ഷം രൂപയും വകയിരുത്തും.

തൈക്കടപ്പുറം, പേരോല്‍ , കണിച്ചിറ, കോയാമ്പ്രം, അങ്കക്കളരി , നീലായി, ഇടിച്ചൂടി, സുവര്‍ണ്ണവല്ലി, പാലായി എന്നീ കുടിവെള്ള പദ്ധതികള്‍ക്കായി ഒരു കോടി രൂപ വകയിരുത്തും.

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം മേഖലകളില്‍ വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും നീലേശ്വരത്തെ നിര്‍ദ്ദിഷ്ട മത്സ്യ മാര്‍ക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 10 ലക്ഷം രൂപയും നീക്കിവയ്ക്കും.

ഉത്തര കേരളത്തിന്റെ കായിക ഭൂപടത്തില്‍ നീലേശ്വരത്തിന്റെ മേല്‍വിലാസം അടയാളപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചിറപ്പുറം നഗരസഭാ മിനി സ്റ്റേഡിയത്തില്‍ വനിതാ വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിന് 20 ലക്ഷം അനുവദിക്കും.

സാംസ്‌കാരിക രംഗത്ത് ഉണര്‍വ് പകരുന്നതിന് നീലേശ്വരം ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി ഒരു ലക്ഷം രൂപ വകയിരുത്തും. കോട്ടപ്പുറം ഇ. എം. എസ് സ്മാരക നഗരസഭാ കോണ്‍ഫറന്‍സ് ഹാളിന് ഭക്ഷണശാല നിര്‍മ്മിക്കാന്‍ 10 ലക്ഷം നീക്കിവച്ചിട്ടുണ്ട്.

അര്‍ഹരായ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ പി.എം,എ .വൈ – ലൈഫ് പദ്ധതി നിര്‍വഹണത്തിനായി പുതിയ ഡി.പി.ആറുകള്‍ പ്രകാരമുള്ള 121 ഗുണഭോക്താക്കള്‍ക്ക് നഗരസഭാ വിഹിതമായി 2.42 കോടി രൂപ കണ്ടെത്തും.

അതിദരിദ്രരുടെ ക്ഷേമപദ്ധതികള്‍ തുടരും. ഇവര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണത്തിന് 4 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ഈ വര്‍ഷത്തോടെ മുഴുവന്‍ വീടുകളിലും ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ ഒരുകോടി രൂപയാണ് വകയിരുത്തുന്നത്.
ചിറപ്പുറത്തെ നഗരസഭ വക അജൈവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ലോകബാങ്കിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന കെ. എസ്. ഡബ്ലിയു .എം . പി പ്രോജക്ട് പ്രകാരമുള്ള വിപുലീകരണ പ്രവൃത്തികളുടെ അനുബന്ധ പ്രവൃത്തികള്‍ക്കായി നഗരസഭ 10 ലക്ഷം രൂപ നല്‍കും. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വാര്‍ഡു ക്ലസ്റ്ററുകള്‍ക്ക് സ്റ്റീല്‍ ഗ്ലാസും പ്ലേറ്റും വാങ്ങിനല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിക്കും. ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോകളും ഉന്തുവണ്ടികളും വാങ്ങി നല്‍കും.

പട്ടികജാതി വിഭാഗത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് 42 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

നഗരസഭ ഓഫീസിന് സോളാര്‍ പാനല്‍ (10 ലക്ഷം),
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ (10 ലക്ഷം), തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് അനുബന്ധ സൗകര്യങ്ങള്‍ (10 ലക്ഷം), ആയുര്‍വേദ ആശുപത്രിക്ക് അടിസ്ഥാന സൗകര്യം (5 ലക്ഷം),
പൊതു ടോയ്‌ലറ്റുകള്‍ (10 ലക്ഷം), ബോട്ടില്‍ ബൂത്തുകള്‍ (5 ലക്ഷം),
മത്സ്യ മേഖലയിലെ വിവിധ പദ്ധതികള്‍ (10 ലക്ഷം) നീന്തല്‍, കരാട്ടെ പരിശീലനം (രണ്ട് ലക്ഷം) , നാടകക്കളരി (ഒരു ലക്ഷം), അംഗീകൃത വായനശാലകള്‍ക്ക് പുസ്തകം (5 ലക്ഷം), വയോജനങ്ങള്‍ക്ക് വിനോദോപാധികള്‍ ( 5 ലക്ഷം), കോട്ടപ്പുറം, ടൗണ്‍ സ്മാര്‍ട്ട് അംഗന്‍വാടികള്‍ക്ക് ഫര്‍ണിച്ചര്‍ (5 ലക്ഷം), ഓര്‍ച്ച, കടിഞ്ഞിമൂല പാലങ്ങളിലും കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ റോഡിലും സോളാര്‍ വിളക്കുകള്‍ (10 ലക്ഷം.), ചിറപ്പുറം വാതക ശ്മശാന പൂര്‍ത്തീകരണം (15 ലക്ഷം), ഹാപ്പിനെസ് പാര്‍ക്ക് (5 ലക്ഷം), ശുചിത്വസുന്ദര നഗരം ( 17 ലക്ഷം), പാലിയേറ്റീവ് പരിചരണം (20 ലക്ഷം), കുടുംബശ്രീ സ്വയം തൊഴില്‍ സംരംഭം (10 ലക്ഷം), കബഡികളി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് ക്ലബ്ബുകള്‍ക്ക് കബഡി മാറ്റ് (15 ലക്ഷം),
എന്നിങ്ങനെയാണ് ബജറ്റില്‍ പ്രധാന പദ്ധതികള്‍ക്കായി തുക വകയിരുത്തിയിട്ടുള്ളത്.

ബജറ്റ് ചര്‍ച്ചയില്‍ കെ.പി. രവീന്ദ്രന്‍, വി.ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി ലത,പി. ഭാര്‍ഗവി, റഫീക്ക് കോട്ടപ്പുറം, എ. ബാലകൃഷ്ണന്‍, കെ.വി. ശശികുമാര്‍, അന്‍വര്‍ സാദിഖ്, ടി.വി ഷീബ, വിനു നിലാവ്, എം. ഭരതന്‍, വി. അബൂബക്കര്‍, എം.കെ. വിനയരാജ്, വി. വി. ശ്രീജ, പി. സുഭാഷ്, എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.ചര്‍ച്ചകള്‍ക്ക് വൈസ് ചെയര്‍മാന്‍ മറുപടി പറഞ്ഞു. ബജറ്റ് ഐകകണ്‌ഠ്യേന അംഗീകരിച്ചു

 

Spread the love
error: Content is protected !!