ആസാദി കാ അമൃത് മഹോത്സവ്: 75 പിന്നിട്ട കപ്പലോട്ട ജീവനക്കാര്‍ക്ക് 25,000 രൂപയുടെ ഒറ്റ തവണ സഹായം

പാലക്കുന്ന് : ആസാദി ക്കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി 75 വയസ്സ് പൂര്‍ത്തിയായ മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് ഒറ്റ തവണ സാമ്പത്തിക സഹായമായി 25000 രൂപ നല്‍കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീമെന്‍സ് വെല്‍ഫയര്‍ ഫണ്ട് സൊസൈറ്റിയാണ് ഇത് വിതരണം ചെയ്യുന്നത്.

നിബന്ധനകള്‍: വിരമിച്ച ശേഷം സീമെന്‍സ് വെല്‍ഫയര്‍ ഫണ്ട് സൊസൈറ്റിയില്‍ നിന്ന് ‘മേമ’ പദ്ധതിയിലൂടെ ഒറ്റ തവണ സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപറ്റിയിട്ടുള്ളവര്‍ക്ക് മാത്രമേ ഈ സഹായത്തിനും അര്‍ഹതയുള്ളൂ എന്നാണ് വെല്‍ഫയര്‍ സൊസൈറ്റി അറിയിച്ചിട്ടുള്ളത്. 2024 ജനുവരി 26ന് 75 വയസ്സ് പൂര്‍ത്തിയായിരിക്കണം. ‘അമൃത് കാല്‍’ സമയ പരിധിയായ 2024 ജനുവരി 26 മുതല്‍ 2025 ജനുവരി 25 വരെ ഇതിനായി അപേക്ഷകള്‍ സ്വീകരിക്കും. 55നും 60നും മധ്യേ ഇന്ത്യന്‍ ഷിപ്പ് ഉടമയുടെയോ ആര്‍.പി.എസ്.എല്‍. കമ്പനിയിലെ കപ്പലിലോ ചുരുങ്ങിയത് 6 മാസമെങ്കിലും ജോലി ചെയ്തിരിക്കണം. നിര്‍ദിഷ്ട ഫോമില്‍ വേണം അപേക്ഷിക്കാന്‍. സിഡിസി യില്‍ ജനന തീയതി കുറിച്ച ഫോട്ടോ പതിച്ച പേജിന്റെയും അവസാനം സര്‍വീസ് ചെയ്ത സീലുള്ള പേജിന്റെയും ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ സ്വയം സാക്ഷ്യപ്പെടുത്തണം.ബാങ്ക് പാസ്ബുക്ക് പകര്‍പ്പും ക്യാന്‍സല്‍ ചെയ്ത ചെക്ക് ലീഫും അപേക്ഷയോടൊപ്പം നല്‍കണം.

വിധവകള്‍ക്കും ഇതിനായി അപേക്ഷ നല്‍കാം.അവര്‍ക്കുള്ള നിബന്ധനകള്‍: ഭര്‍ത്താവിന്റെ മരണശേഷം ‘മേമ’ പദ്ധതിയിലൂടെ ഒറ്റ തവണ സാമ്പത്തിക സഹായം മുന്‍പ് കൈപ്പറ്റിയവരായിരിക്കണം. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കേറ്റ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് പകര്‍പ്പ്. പുനര്‍ വിവാഹിതയല്ലെന്ന് 100 ക. യുടെ സ്റ്റാമ്പ് പേപ്പറില്‍ സാക്ഷ്യപ്പെടുത്തിയതിന്റെ ഒറിജിനല്‍ എന്നിവ അപേക്ഷയോടൊപ്പം അയച്ചിരിക്കണം . അപേക്ഷ പൂര്‍ണമല്ലെങ്കില്‍ തള്ളാനുള്ള സൊസൈറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സീഫെയറേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് സൊസൈറ്റി, നൗ ഭവന്‍, ഗ്രൗണ്ട് ഫ്‌ലോര്‍, ആര്‍. കമാനി മാര്‍ഗ്, ബല്ലാര്‍ഡ് എസ്റ്റേറ്റ്, മുംബൈ -400 001 എന്ന വിലാസത്തില്‍ അയക്കുക.

സിഡിസിയുമായി വന്നാല്‍ അപേക്ഷ ഫോം പാലക്കുന്നിലെ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ നിന്ന് തിങ്കള്‍ മുതല്‍ വെള്ളി വരെ ഒരു മണിക്കകം ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോം പൂരിപ്പിക്കാനുള്ള നിര്‍ദേശങ്ങളും സഹായങ്ങളും ക്ലബ് ഓഫീസില്‍ നിന്ന് നല്‍കുന്നതാണ് ഫോണ്‍ : 7994020011,9447692439.

 

Spread the love
error: Content is protected !!