ആഘോഷങ്ങളിലെ ആഭാസങ്ങളും ധൂര്‍ത്തും ഇല്ലായ്മ ചെയ്യാന്‍ ബോധവല്‍ക്കരണം നടത്താന്‍ ആഹ്വാനം

കാഞ്ഞങ്ങാട്: വിവാഹം ഉള്‍പ്പെടെയുള്ള കുടുംബികവും സാമൂഹികവുമായ ആഘോഷങ്ങളില്‍ ദുര്‍വഹമായ ധൂര്‍ത്തും ആക്ഷേപകരമായ ആഭാസങ്ങളും അതിര് കവിഞ്ഞ ആര്‍ഭാടങ്ങളും കടന്നു വരുന്നത് ഇത്തരം ചടങ്ങുകളില്‍ വിശ്വാസപരമായ അച്ചടക്കം പാലിക്കാത്തത് കൊണ്ടാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാദി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.
വിശുദ്ധ ഖുര്‍ആനും തിരു ചര്യയും ആഹ്വാനം ചെയ്യുന്ന അനുവദനീയതകളെ മുറുകെ പിടിക്കുകയും നിഷിദ്ധങ്ങളെ നിരാകരിക്കുകയും ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കടന്നുവന്നാല്‍ ഇത്തരം തിന്മകളെ ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ
സുവര്‍ണ്ണ ജൂബിലി ആഘോഷം സംഘടനയുടെ പ്രൗഢിക്കും പ്രതാപത്തിനും ഒത്ത രൂപത്തില്‍ ആവിഷ്‌കരിക്കുമെന്നും അതിന്റെ വിജയത്തിനായി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിവാഹ ആഭാസങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും വേണ്ടി വിളിച്ചുചേര്‍ത്ത മഹല്ല് ഖത്തീബുമാര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ എന്നിവരുടെ വിശേഷാല്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാളെ മുതല്‍ ഈ വര്‍ഷത്തെ റമദാന്‍ വരെയുള്ള ദിവസങ്ങളില്‍ ആഘോഷങ്ങളിലെ ആഭാസങ്ങളും ധൂര്‍ത്തും ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയിട്ടുള്ള വിപുലമായ ബോധവല്‍ക്കരണ സംരംഭങ്ങള്‍ നടത്താന്‍ യോഗം മഹല്ല് ജമാഅത്തുകളെ ആഹ്വാനം ചെയ്തു. ഈ കാലയളവില്‍ എല്ലാ മഹല്ലുകളിലെയും ആബാലവൃദ്ധം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശദമായ ബോധവല്‍ക്കരണങ്ങള്‍ നടത്തുകയും എല്ലാ ചടങ്ങുകളും ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതാക്കിത്തീര്‍ക്കാന്‍ വേണ്ടിയുള്ള പാഠങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യാന്‍ യോഗം തീരുമാനിച്ചു. റമദാനിന് ശേഷം നടക്കുന്ന ആഘോഷങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കാനും യോഗം തീരുമാനിച്ചു. സര്‍ക്കുലറിന്റെ പാലനത്തിന് സമ്പൂര്‍ണ്ണ പിന്തുണ യോഗത്തില്‍ സംബന്ധിച്ച മഹല്ല് കമ്മിറ്റി ഭാരവാഹികളും ഖത്വീബുമാരും വാഗ്ദാനം ചെയ്തു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ കാര്യപരിപാടികളും പദ്ധതികളും ആവിഷ്‌കരിക്കാന്‍ യോഗം ഭാരവാഹികളെ ചുമതലപ്പെടുത്തി.

പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം കെ അബൂബക്കര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ മുബാറക് ഹസൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, പി കെ അബ്ദുല്ലകുഞ്ഞി, കെ ബി കുട്ടി ഹാജി, സെക്രട്ടറിമാരായ കെ പി ഷെരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, താജുദ്ദീന്‍ കമ്മാടം, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പളളി എന്നിവരും മഹല്ല് പ്രതിനിധികളായ കെ യു ദാവൂദ് ഹാജി, പാലാട്ട് ഇബ്രാഹിം, എ സി ലത്തീഫ്, ബി എം കുഞ്ഞബ്ദുള്ള, ചാലിങ്കല്‍ അസീസ്, ആരിഫ് ദാരിമി, അഷ്റഫ് ദാരിമി, സി മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്‌മാന്‍ പാറപ്പള്ളി, മുനീര്‍ ഫൈസി ഇര്‍ഫാനി, നൂറുദ്ദീന്‍ മൗലവി, അബ്ദുറഹ്‌മാന്‍ മൗലവി മുബാറക് മസ്ജിദ്, ഹംസ കൊളവയല്‍ ഷരീഖ്, മുസ്തഫ തായന്നൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു.

 

 

Spread the love
error: Content is protected !!