കാസര്‍കോട് ജില്ലയില്‍ ആറുദിവസത്തിനിടെ പെയ്തത് 410 മില്ലിമീറ്റര്‍ മഴ. മെയ് മാസത്തിലെ അവസാന വാരത്തിലെ പ്രതീക്ഷിത 73.9 മില്ലീമീറ്ററാണ്. ഇതിന്റെ അഞ്ചിരട്ടിയിലധികം മഴയാണ് ജില്ലയില്‍ ലഭിച്ചത്. 26 മുതല്‍ 30 വരെ തീയ്യതികളിലെ കണക്കാണിത്. 24 മണിക്കൂറിനിടെ കൂടുതല്‍ മഴ ജില്ലയിലാണ്. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കില്‍ വെള്ളി പകല്‍ നാലുവരെ 24 മണിക്കൂറിനിടെ 247 മില്ലീമീറ്റര്‍ മഴയുണ്ടായി. ഇതില്‍ ഭൂരിഭാഗവും അവസാന 12 മണിക്കൂറിലാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മഞ്ചേശ്വരം താലൂക്കിലെ ഉപ്പളയിലാണ്. 269 മില്ലീമീറ്റര്‍ അതിതീവ്രമഴ. മഞ്ചേശ്വരത്ത് 247.2 മില്ലിമീറ്ററും മഴയുണ്ടായി. കാസര്‍കോട് താലൂക്കിലെ കുവില്‍ 201 മില്ലീമീറ്ററായിരുന്നു മഴ. ജില്ലയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ച യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. അറബിക്കടലില്‍ കാറ്റിന്റെ ശക്തി കുറയുന്നതിനാല്‍ ശനിയാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. പുഴയോരത്ത് പ്രളയ മുന്നറിയിപ്പ് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പുഴയോരത്തുള്ളവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കി. മൊഗ്രാല്‍, ഉപ്പള, നീലേശ്വരം പുഴയോരത്ത് ഓറഞ്ച് അലര്‍ട്ടും കാര്യങ്കോട് പുഴയോരത്ത് മഞ്ഞ അലര്‍ട്ടുമാണ്. തേജസ്വിനി പുഴകരകവിഞ്ഞതിനെത്തുടന്ന് പൊതാവൂര്‍, മയ്യില്‍, കയ്യൂര്‍, ചെറിയാക്കര, കൂക്കോട്ട്, വെള്ളാട്ട്, കണിയാട, കിനാനൂര്‍, നീലായി, പാലായി, ചാത്തമത്ത്, പൊടോതുരുത്തി, കാര്യങ്കോട് ഭാഗത്ത്വെള്ളംകയറി.