പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവനാളില്‍ പൂവിടല്‍ കര്‍മം നിര്‍വഹിക്കുന്നത് പത്തു വയസ്സ് കവിയാത്ത ബാലികയാണ്. ഇത്തവണ ആ പുണ്യ കര്‍മം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിക്കുന്നത് ആദിയ എന്ന കൊച്ചു ബാലികയ്ക്കാണ്. ഉത്സവാരംഭ ദിവസമായ ഞായറാഴ്ച രാത്രി മുതല്‍ പൂരം അവസാനിക്കും വരെ ആദിയ ക്ഷേത്രത്തിലും ഭണ്ഡാരവീട്ടിലും പൂവിടല്‍ കര്‍മം നിര്‍വഹിക്കും. ഇവിടെ തന്നെ താമസിക്കും.
ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂളില്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങളായ അമര്‍നാഥും ആദിനാഥും ഇതേ സ്‌കൂളിലാണ് പഠിക്കുന്നത് .
ഭണ്ഡാരവീട്ടിന് വിളിപ്പാടകലെ വടക്കേ വീട്ടില്‍ മണികണ്ഠന്റെയും നിമിഷയുടെയും മകളാണ്. ക്ഷേത്ര പൂജാരി കുടുംബത്തിന് അവകാശപ്പെട്ടതാണ് പൂരക്കുഞ്ഞി സ്ഥാനം. ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന മറ്റു ഉത്സവങ്ങളുടെ തിരിച്ചെഴുന്നള്ളത്തിന് ഭണ്ഡാരവീട്ടില്‍ അരിയിട്ട് എതിരേല്‍ക്കണ്ട അപൂര്‍വ്വ ഭാഗ്യവും പൂരകുഞ്ഞിക്കാണ്.
പൂവിടല്‍
ഞായറാഴ്ച രാത്രി ഭണ്ഡാര വീട്ടില്‍ നിന്ന് എഴുന്നള്ളത്ത് മേലേ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി ശുദ്ധീകരണ കര്‍മങ്ങളും തുടര്‍ന്ന് കലശവുമാടിയ ശേഷം പൂരോത്സവത്തിന്റെ പ്രധാന ചടങ്ങായ പൂവിടല്‍ തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ അടിച്ചുതളിച്ച് കലശാട്ടിനു ശേഷം ക്ഷേത്രത്തില്‍ മൂത്ത ഭഗവതി, ഇളയ ഭഗവതി, ദണ്ഡന്‍, കണ്ഠാകര്‍ണന്‍ ദേവതകളുടെ നടകളിലും തിരുമുറ്റത്തും കൊടിമര ചുവട്ടിലും, തേങ്ങാക്കല്ലിലും നിവേദ്യപുരയിലും ബലിക്കല്ലുകളിലും കിണറിലും വിഷ്ണുമൂര്‍ത്തി, ഗുളികന്‍ നടകളിലും പൂവിടല്‍ പൂര്‍ത്തിയാക്കും. ശേഷം ഭണ്ഡാര വീട്ടിലെ വിവിധ പ്രാധാന്യ ഇടങ്ങളിലും പൂരകുഞ്ഞിയെ കൊണ്ട് പൂവിടീക്കും. എല്ലാ ദിവസവും രാവിലെ പൂക്കൂടകളുമായി പൂരക്കുഞ്ഞും കുട്ട്യോളും പൂപറിക്കാന്‍ യാത്ര തിരിക്കും. പൂക്കള്‍ ശേഖരിച്ചു വന്നാല്‍ വട്ടം ചേര്‍ന്നിരുന്ന് ഇതളുകള്‍ തൊല്ലികൂട്ടയില്‍ഇടും.